കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വേദിക്കരികെ ബോംബ് സ്ഫോടനം നടന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടിയേരി സംസാരിച്ച നങ്ങാറത്ത് പീടികയും സ്ഫോടനം നടന്നെന്ന് പറയപ്പെടുന്ന കൊമ്മല്‍ വയലും തമ്മില്‍ അഞ്ഞൂറ് മീറ്റര്‍ അകലമുണ്ട്. സിപിഎം പ്രകടനത്തില്‍ പങ്കെടുത്തവരാണ് കൊമ്മല്‍ വയലില്‍ ബോംബെറിഞ്ഞതും ബിജെപിയുടെ കൊടിയും ബോര്‍ഡുകളും നശിപ്പിച്ചതും.
സ്ഫോടനം നടന്നയുടന്‍ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തിയെന്ന വ്യാജപ്രചാരണമഴിച്ചുവിട്ടു. സ്കൂള്‍ കലോത്സവം നടക്കുന്ന സമയത്താണ് തലശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് സന്തോഷിനെ സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ഇതിലുണ്ടായ ജനരോഷം മറികടക്കാനാണ് നുണ പറയുന്നത്.
ശ്രീകൃഷ്ണജയന്തിക്കെതിരെ നടത്തിയ സാംസ്കാരിക ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചു. ഇതിലുള്ള പ്രതിഷേധത്തില്‍ നിന്ന് തലയൂരാന്‍ നേതൃത്വം ആസൂത്രണം ചെയ്തതായിരുന്നു നങ്ങാറത്ത് പീടികയില്‍ ഗുരുവിന്റെ പ്രതിമ തകര്‍ക്കല്‍. അന്ന് ഇതിന് നേതൃത്വം നല്കിയ എ.എന്‍. ഷംസീര്‍ തന്നെയാണ് ബോംബ് സ്ഫോടനത്തിന് പിന്നിലും. തലശേരിയിലെ സ്ഫോടനത്തിന്റെ പേരില്‍ സംസ്ഥാനത്താകമാനം കലാപമുണ്ടാക്കാനായിരുന്നു സിപിഎം നീക്കം. എ.ഒ. രാമചന്ദ്രന്, പി.എ. റിത്തേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: