അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിലെ ലംഗാര്‍ (അടുക്കള) വിശ്വപ്രസിദ്ധമാണ്. പ്രതിദിനം അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ സന്ദര്‍ശകര്‍ക്ക് മൂന്നു നേരം ഭക്ഷണം നല്കുന്ന ഈ അക്ഷയപാത്രം പഞ്ചാബിന്റെയും സിഖ് സമുദായത്തിന്റെയും മുഖമുദ്രയാണ്. ലംഗാറില്‍ എല്ലാവരും തുല്യരാണ്. ജാതിയോ മതമോ ഭാഷയോ വര്‍ണമോ വര്‍ഗമോ പ്രത്യേക പരിഗണന നല്‍കുന്നില്ല. കഴിഞ്ഞ നവംബറില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനെത്തിയ മോദി ഇവിടെ ഭക്ഷണം വിളമ്പിയിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇതു ചെയ്തത്.
എല്ലാവരെയും സമമായി പരിഗണിക്കുന്ന ലംഗാര്‍ പോലെയല്ല പഞ്ചാബിലെ തെരഞ്ഞെടുപ്പ് രംഗം. ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും പഞ്ചാബിനെ തത്കാലത്തേക്കെങ്കിലും ദംഗല്‍ (ഗുസ്തി നടക്കുന്ന സ്ഥലം) ആക്കി മാറ്റി. ആരോപണവും പ്രത്യാരോപണവും അവകാശവാദങ്ങളുമായി പാര്‍ട്ടികള്‍ കളംനിറയുന്നു. കേരളത്തിലെ മുന്നണി ഭരണത്തിന് സമാനമായി ബിജെപി-അകാലിദള്‍ സഖ്യവും കോണ്‍ഗ്രസും മാറിമാറി ഭരണം പങ്കിട്ടെടുത്തിരുന്ന സംസ്ഥാനം കഴിഞ്ഞ തവണ മാറിച്ചിന്തിച്ചു. 2012ല്‍ ബിജെപി-അകാലിദള്‍ സഖ്യം ഭരണത്തുടര്‍ച്ച നേടി വീണ്ടും അധികാരത്തിലെത്തി. ഇത്തവണ ആം ആദ്മി പാര്‍ട്ടിയും ഗോദയിലുണ്ടെന്നതാണ് പ്രത്യേകത.
മോദിയും രാഹുലും കേജ്രിവാളുമെത്തിയതോടെ പാര്‍ട്ടികളുടെ പ്രചാരണം ആവേശക്കൊടുമുടിയിലെത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടമാണ് അകാലിദളിന്റെയും ബിജെപിയുടെയും പ്രചാരണ ആയുധങ്ങള്‍. അകാലിദളിനെ നയിക്കുന്ന ബാദല്‍ കുടുംബത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പ്രചാരണം. തെരഞ്ഞെടുപ്പ് നോട്ട് നിരോധനത്തിനെതിരായ വിധിയെഴുത്താകുമെന്ന വിലയിരുത്തലുകള്‍ പഞ്ചാബില്‍ മാറ്റിവയ്ക്കേണ്ടി വരും. നോട്ട് നിരോധനം പ്രതിപക്ഷം ഇവിടെ ഏറ്റെടുക്കുന്നേയില്ല. സംസ്ഥാന വിഷയങ്ങളിലാണ് ഊന്നല്‍. നോട്ട് റദ്ദാക്കലും കള്ളപ്പണവേട്ടയും ഇന്നലെ മോദി പരാമര്‍ശിച്ചെങ്കിലും സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിക്കാന്‍ അദ്ദേഹം ഏറെ സമയം കണ്ടെത്തി.
ഭരണവിരുദ്ധ വികാരം അനുകൂലമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും ആപ്പിന്റെയും പ്രതീക്ഷ. ഭരണവിരുദ്ധ വികാരമില്ലെന്നും ഹാട്രിക് നേടുമെന്നും ബിജെപി-അകാലിദള്‍ സഖ്യം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. തലസ്ഥാനമായ ചണ്ഡിഗഢില്‍ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 26ല്‍ 21 സീറ്റുകള്‍ നേടിയത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിനെ മയക്കുമരുന്നിന്റെ നാടായി ചിത്രീകരിക്കുന്ന പ്രതിപക്ഷം ജനങ്ങളെ അപമാനിക്കുകയാണെന്നും ഭരണകക്ഷികള്‍ തിരിച്ചടിക്കുന്നു.
അമരീന്ദര്‍ സിങ്ങാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇന്നലെ രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകാശ് സിങ് ബാദലാണ് ബിജെപി-അകാലിദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി ആരാകുമെന്നതില്‍ ആപ്പിന് നിശ്ചയമില്ല. ആര് മുഖ്യമന്ത്രി ആയാലും കേജ്രിവാള് വാഗ്ദാനം നിറവേറ്റുമെന്ന് ആപ്പ് നേതാവ് മനീഷ് സിസോദിയ പറഞ്ഞത് വിവാദമായിരുന്നു. പഞ്ചാബിന് പുറത്തുള്ളവര്‍ വേണ്ടെന്ന പ്രചാരണം എതിരാളികള്‍ നടത്തുന്നതും ആപ്പിന് തിരിച്ചടിയാണ്.
വിമതര്‍ കോണ്‍ഗ്രസിനും ആപ്പിനും ഒരുപോലെ തലവേദനയാകുന്നു. കഴിഞ്ഞ തവണ ഇരുപതോളം സീറ്റുകളില്‍ വിമതപ്പട പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായി. ഇത്തവണയും നിരവധി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏഴ് വിമതരെ പാര്‍ട്ടി പുറത്താക്കി. പലരും സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് പണം വാങ്ങിയ ആപ്പ് മുന്‍ സംസ്ഥാന കണ്‍വീനര്‍ സുഛ സിങ് ഛൊട്ടേപൂരിനെ പുറത്താക്കി. എന്നാല്‍, കേജ്രിവാളിന്റെ താളത്തിനൊത്ത് തുള്ളാത്തതിനാണ് പുറത്താക്കലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നിരവധി നേതാക്കള്‍ ആപ്പ് കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്തുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ വിജയിക്കാനായതാണ് ആപ്പിന്റെ പ്രതീക്ഷ.
അകാലിദള്‍ നാലും ബിജെപി രണ്ടും കോണ്‍ഗ്രസ് മൂന്നും സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് പിന്നാലെ ആപ്പും രംഗത്തുള്ളത് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും അകാലി-ബിജെപി സഖ്യം കണക്കുകൂട്ടുന്നു. ലംഗാര്‍ വിളമ്പുന്നത് പോലെയല്ല ജനങ്ങളും വോട്ടുചെയ്യുന്നത്. ജാതിയും മതവും വര്‍ഗ്ഗവുമൊക്കെ വിഷയമാണ്. വിജയത്തിന്റെ ടര്ബന് (തലപ്പാവ്) അണിയുന്നത് ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: