തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ദേശിയഗാനത്തിന് അപൂര്‍ണ്ണത. ഐടി@സ്കൂള്‍ പുറത്തിറക്കിയ കളിപ്പെട്ടി പാഠ പുസ്തകത്തിലാണ് ദേശീഗാനത്തിന്റെ അവസാനത്തെ വരിയായ ‘ജയ ജയ ജയ ജയ ഹേ…’ ഉള്‍പ്പെടുത്താതെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്കൂളുകളിലെ മൂന്നാം ക്ലാസ്സിലെയും നാലാം ക്ലാസ്സിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം വിതരണം ചെയ്തത്.
പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ്സിഇആര്ടിയാണ് പാഠപുസ്തകം തയ്യാറാക്കി നല്‍കിയത്. ഐടി@സ്കൂളിന്റെ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ പ്രസ്സായ കെപിബിഎസ് ആണ് പുസ്തകം അച്ചടിച്ച് പുറത്തിറക്കിയത്. 80 ശതമാനം പുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ശേഷമാണ് തെറ്റ് ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാലയങ്ങളില്‍ ദേശീയഗാനം ആലപിക്കാറുള്ളതിനാല് വിദ്യാര്‍ത്ഥികളാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. ഇതോടെ ബാക്കി പുസ്തകങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നല്കി. സംഭവം പുറത്തറിയരുതെന്ന കര്‍ശന നിര്‍ദ്ദേശവും.
പുസ്തകം പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് വിദ്യാഭ്യാസ വകുപ്പ്. സാധാരണ പാഠ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്തശേഷം എസ്സിഇആര്ടിയില് കൊണ്ടുവന്ന് വീണ്ടും പരിശോധന നടത്തി തെറ്റില്ലാ എന്ന് ഉറപ്പ് വരുത്തിവേണം വിതരണം നടത്താന്‍. എന്നാല്‍ എസ്സിആര്ടിയോ ഐടി@സ്കൂളോ പുസ്തക പരിശോധന നടത്തിയിട്ടില്ല. സംഭവം വിവാദമായതോടെ ഇരുവിഭാഗവും പരസ്പരം പഴിചാരി തടിയൂരാനുള്ള ശ്രമത്തിലാണ്. അദ്ധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ നല്‍കേണ്ട പാഠപുസ്തകമാണ് വിദ്യാലയങ്ങള്‍ അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിതരണം ചെയ്തത്.
ലക്ഷക്കണക്കിന് പുസ്തകം വിതരണം ചെയ്തതിനാല്‍ അവ പിന്‍വലിച്ച് പുതിയ പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഈ അദ്ധ്യയന വര്‍ഷം സാധിക്കില്ല.
കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടാകും. അതിനാല്‍ ദേശീയഗാനം പേപ്പറില്‍ അച്ചടിച്ച് ഒട്ടിച്ച് പ്രശ്നപരിഹാരത്തിനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: