അങ്ങനെ കാത്തുകാത്തിരുന്ന് ഗുരുചേമഞ്ചേരിക്ക് പത്മപുരസ്കാരം. കാത്തുകാത്തിരുന്നത് ഗുരുവല്ല, നാടുനീളെയുള്ള അദ്ദേഹത്തിന്റെ ശിഷ്യ- പ്രശിഷ്യരും നാട്ടുകാരും. എന്നോ ലഭിക്കേണ്ട ബഹുമതിയെന്ന് ഗുരുവിനെ തൊട്ടും കണ്ടും അറിഞ്ഞ ബഹുശ്ശതം പേര്.
ഗുരു എങ്ങനെയാവും ഈ പുരസ്കാരലബ്ധിയെകാണുക? അത്രവിശേഷിച്ച് ഒരു സംഭവമായി അതദ്ദേഹം കണക്കാക്കുന്നുണ്ടാവില്ല. ഗുരുവിന്ന് തന്റെ ജീവിതം ഒരു സമര്‍പ്പണമാണ്. കലയ്ക്ക്- കഥകളിക്ക് – വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതം. ഓര്‍മവെയ്ക്കുന്നനാള്‍, എന്നുതന്നെ പറയാം, അദ്ദേഹം കഥകളിയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.പിന്നെ ഊണുവേണ്ട, ഉറക്കം വേണ്ട, ജോലിവേണ്ട, മാതാപിതാക്കള്‍ കുടുംബം… ഇതൊക്കെ അദ്ദേഹം കഥകളി എന്ന കലയില്‍കണ്ടു. ഇപ്പറഞ്ഞതൊക്കെ തന്റെ ജീവതത്തില്‍ ഇല്ലാതിരുന്നിട്ടില്ല. എന്നാല്‍ എല്ലാറ്റിനെയും തന്റെ പ്രിയപ്പെട്ട കലയ്ക്കു താഴെയേ അദ്ദേഹം കണ്ടുള്ളൂ.
രക്ഷകര്‍ത്താക്കളറിയാതെ ഒളിച്ചോടിപ്പോയി കഥകളി വിദ്യാലയത്തില്‍ച്ചേരുന്നു, ഭാഗ്യത്തിന് അവിടെ,തന്റെ ആഗ്രഹത്തിനനുസരിച്ച് ഒരുഗുരുവിനെക്കിട്ടുന്നു. ആ വ്യക്തി പിന്നെ ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ പിതാവും മാതാവും ഗുരുവും, എന്തിന് ദൈവം തന്നെ യും ആകുന്നു.
ഗുരുവില്‍ നിന്ന് പകര്‍ന്നുകിട്ടിയവിദ്യസ്വന്തം ഭാവനയ്ക്കും ബുദ്ധിയ്ക്കും വിവേകത്തിനും അനുസരിച്ച് വളര്‍ത്തുന്നു, ശിഷ്യര്‍ക്കുപഠിപ്പിച്ചുകൊടുക്കുന്നു. പിന്നീടുള്ള തന്റെജീവിതകാലം ഈ കലയുടെ പ്രചാരണത്തിന്നായി ഉഴിഞ്ഞുവെയ്ക്കുന്നു.
ഇതിനിടെ, ഇരുപതാം നൂറ്റാണ്ടിനോടൊപ്പമാണ് താന്‍ വളരുന്നതെന്ന കാര്യംചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അറിയുന്നില്ല. സര്‍ക്കസ്സ് കമ്പനിയില്‍ ചേരുന്നുണ്ട്. കേസില്‍ കുടുങ്ങുന്നുണ്ട്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ പോലും താനറിയാതെ പെട്ടുപോകുന്നുണ്ട്. മഹാകവി വള്ളത്തോളിന്റെ പരിശ്രമഫലമായി കുന്നംകുളത്ത് ഒരുകഥകളി സ്കൂള്‍ സ്ഥാപിതമാകുന്നുണ്ട്. എല്ലാം നടക്കുന്നു, എല്ലാം. എങ്കിലും അതൊക്കെ അറിയുമ്പോഴും, അതിനൊക്കെ അപ്പുറത്ത് കഥകളിയില്‍ മാത്രം, കളിക്കാനും കളി പഠിപ്പിക്കാനും മാത്രം, തന്റെ ദിവസത്തിന്റെ 24 മണിക്കൂറും ആഴ്ചയുടെ ഏഴു ദിവസവും ഈ മനുഷ്യന് നീക്കിവെച്ചു.
അത്ഭുതം; വള്ളത്തോള്‍ എന്ന മഹാപ്രതിഭ, മണക്കുളത്തു രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ അതിവിസ്തൃതമായതന്റെപരിചയക്കാരുടെയുംസുഹൃത്തുക്കളുടെയും സഹായസഹകരണങ്ങളോടെ കഥകളി പഠിപ്പിക്കാന്‍ സ്കൂള്‍ തുടങ്ങുകയും കുട്ടികളെ തിരഞ്ഞുപിടിച്ച് ആ സ്കൂളില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാണ്ട് അതേ കാലത്താണ് ഇങ്ങ് മലബാറില്‍ ചേമഞ്ചേരി ഒറ്റയ്ക്ക് സ്വയം ആടിയും ആട്ടം പഠിപ്പിച്ചും ഈ കലയുടെ തിരിനാളം കെടാതെ നിലനിര്‍ത്തിയത്.വള്ളത്തോളിന്റെ പ്രവര്‍ത്തനങ്ങളുടെ അലകള്‍ ചേമഞ്ചേരിയുടെ ശ്രമങ്ങള്‍ക്ക് പ്രത്യക്ഷമായിട്ടില്ലെങ്കില്‍ പരോക്ഷമായിട്ടെങ്കിലും സഹായകമായിട്ടുണ്ടാവണം. എന്നാലും മറ്റെല്ലാം മറന്നുകൊണ്ട്,തന്റെജീവിതം ഈ കലയ്ക്കുവേണ്ടി മാത്രമാണെന്ന് ഉറച്ച ബോധ്യത്തോടെ കുഞ്ഞിരാമന് നായര്‍ ഏറ്റെടുത്ത ദൗത്യമാണ് ഇന്ന്, ഈ പുരസ്കാര ലബ്ധിയിലൂടെ ആദരിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ ഈ അര്‍പ്പിത ബോധത്തോടു ഒപ്പം പരിഗണിക്കേണ്ടത്, ആ നിഷ്കളങ്കതയാണ്. നൂറിലേറെ ഓണം ഉണ്ടിട്ടുണ്ടെങ്കിലും ആ മുഖത്തെചിരി ശിശുവിന്റേതിനു തുല്യമാണ്. ഈയടുത്ത കാലത്ത് ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും നല്കി സമൂഹം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അത്തരം ആദരിക്കലുകള്‍ നടന്ന വേദികളില്‍ ചിലതിലെങ്കിലും സാക്ഷിയാകാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒരു കളിപ്പാട്ടം കിട്ടുന്ന കുട്ടിയുടെ കരടില്ലാത്ത ചിരിയാണ് ഗുരുവിന്റെ മുഖത്ത് ആ സന്ദര്‍ഭങ്ങളില്‍ കാണുക, നൂറുശതമാനവും സുതാര്യം. ആ മുഖത്ത് ആ കണ്ണുകളില്‍,അദ്ദേഹം അങ്ങനെത്തന്നെ പ്രതിഫലിക്കുന്നു. കൡപഠിപ്പിച്ചും അരങ്ങു കിട്ടിയാല്‍ തന്റെ ശിഷ്യരോടൊപ്പം പോയികളിച്ചും കാലം കഴിച്ചകുഞ്ഞിരാമന്‍ നായര്‍ എന്ന കലാകാരന് ഒരു പൊതു സദസ്സില്‍ വെച്ച് ആദരിക്കപ്പെടുന്നത് 1991 ലാണെന്നുതോന്നുന്നു. തപസ്യ നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രാവേളയില്‍ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് ഗോകര്ണത്തില് പൂര്‍ത്തിയാക്കിയ ആ സാംസ്കാരികതീര്‍ത്ഥയാത്രയില്‍. അന്നാണ് ചേമഞ്ചേരികുഞ്ഞിരാമന്‍ നായരുടെ നാട്ടുകാര്‍ തന്നെ ഈ മനുഷ്യന് ഇത്ര വലിയ ഒരാളാണ് എന്നറിഞ്ഞത്. ഇതിനൊപ്പം അക്കിത്തത്തിനും പത്മപുരസ്കാരം ലഭ്യമായത് കൂടുതല്‍ ആഹ്ലാദകരവുമായി.
താന്‍ അഭ്യസിച്ച കലയുടെ മഹത്വത്തിന്റെ പേരില്‍ നാടുനീളെ ചുറ്റാനോ അതിന്റെ പേരില്‍ ആളാവാനോ അദ്ദേഹം ഒരുകാലത്തും ശ്രമിച്ചിട്ടില്ല.
അദ്ദേഹം ഈ പത്മപുരസ്കാരത്തെക്കുറിച്ച്ഏറെയൊന്നും ശ്രദ്ധിച്ചിരുന്നതായി തോന്നുന്നില്ല. അത് അദ്ദേഹത്തെഅറിയുന്നവര്‍ക്കെല്ലാം ബോധ്യമുണ്ടാവണം. എന്നാല്‍ അദ്ദേഹത്തെഅറിയുന്നവരുടെ വളരെ കാലമായുള്ള ആഗ്രഹം – അത് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിക്കണമെന്നതായിരുന്നു. അത് ഗുരുവിന്റെ മഹത്വം ഏതെങ്കിലും തരത്തില്‍ വര്‍ദ്ധിപ്പിക്കുമെന്നു തെറ്റിദ്ധാരണ ഒന്നും ആര്‍ക്കും ഉണ്ടായിട്ടല്ല. ആനയ്ക്ക് ആനയുടെ ഉയരവും എടുപ്പും എപ്പോഴും ഉണ്ടാവും. ആ ആന സ്വര്‍ണ്ണക്കോലവുമായി വരുന്നതുകാണുക. അത് കാഴ്ചക്കാര്‍ക്കെല്ലാം ആനന്ദമുളവാക്കുമല്ലോ. ഇവിടെ ഗുരു പത്മപുരസ്കാരത്താല്‍ ആദരിക്കപ്പെടുമ്പോള്‍ നമ്മളും അദ്ദേഹത്തിന്റെ മുമ്പില്‍ തൊഴുകയ്യോടെ നില്ക്കുന്നു…. കണ്ണുനിറയേ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: