കുറവിലങ്ങാട്: കാണക്കാരിയില്‍ മുറുക്കാന്‍കട നടത്തുന്ന യുവതിയുടെ മുഖത്ത് മദ്യലഹരിയില്‍ മുറുക്കിത്തുപ്പുകയും മുടിക്ക് കുത്തിപ്പിടിച്ച് ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. കോതനല്ലൂര്‍ ശങ്കരമംഗലത്ത് രാജേഷ് എസ് നായര്‍ (44) ആണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാണക്കാരി ടൗണിലായിരുന്നു സംഭവം.
യുവതി നടത്തുന്ന കടയില്‍ മുമ്പ് എത്തി അപമര്യാദയായി പെരുമാറിയിട്ടുള്ളതിനാല് ഇയാള്‍ വീണ്ടുമെത്തി മുറുക്കന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി നിഷേധിച്ചു. ഇതിനേതുടര്‍ന്ന് കുപിതനായി അടുത്തകടയിലെത്തി മുറുക്കിയശേഷം തിരികെ കടയിലെത്തി യുവതിയുടെ മുഖത്തേക്ക് മുറുക്കിത്തുപ്പുകയും തലമുടിക്ക് കുത്തിപ്പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്കിയ മൊഴിയില്‍പറയുന്നു. കാണക്കാരിവഴി കടന്നുപോയ കടുത്തുരുത്തി സിഐ കെ.പി. ടോംസണ് പ്രതിയെ പിടികൂടി കുറവിലങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: