എടത്വാ: പച്ചയിലും സമീപസ്ഥലങ്ങളിലും സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി. ഇരുളിന്റെ മറവില്‍ വീടും കടകളും, കാറും തല്ലിത്തകര്‍ത്തു. പച്ചയില്‍ വരമ്പത്ത് റോയിയുടെ വീടിന്റെ ജനാലചില്ലകളാണ് അടിച്ചുതകര്‍ത്തത്.
ജനാലയോട് ചേര്‍ന്ന് കട്ടിലില്‍ കിടന്നുറങ്ങിയ റോയിയുടെ പിതാവ് ജോര്‍ജ്ജ് സക്റിയായുടെ (76) കാലില്‍ ജനാലചില്ലുകള്‍ തറച്ചുകറി മുറിവേറ്റു. ചെക്കിടിക്കാട് ഇരുപത്തിയഞ്ചില്‍ നാരായണപിള്ളയുടെ മകന് വിദേശമലയാളിയായ ധനേഷ്കുമാര്‍ മരണാന്തര ചടങ്ങിനുവേണ്ടി ദിവസവാടകയ്ക്കെടുത്ത മാരുതി വാഗണാര്‍ കാറിന്റെ പിന്ഗഌസാണ് ഇന്നലെ പുലര്‍ച്ചേ അടിച്ചുതകര്‍ത്ത നിലയില്‍ കാണപെട്ടത്.
വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതുകാരണം പച്ച പാലത്തിന് സമീപം റോഡ് സൈഡില്‍ പാര്ക്കുചെയ്തിരുന്നതാണ്. മരിയാപുരം ജംഗ്ഷനില്‍ തട്ടുകട നടത്തുന്ന കുട്ടപ്പായി, ഷാജി എന്നിവരുടെ കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.
ചായതട്ട്, അടുപ്പ്, ഗ്ലാസ്, സോഡാകുപ്പി, കസേരകള്‍, വെള്ളം വയ്ക്കുന്ന ജാറുകള്‍ എന്നിവ തകര്‍ത്ത് റോഡില്‍ പൊട്ടിച്ചിട്ട നിലയില്‍ കാണപ്പെട്ടു. പച്ച ജംഗ്ഷനില്‍ കറുകയില്‍ സ്റ്റോഴ്സിന്റെ കടയുടെ മുന്നിലിരുന്ന പരസ്യബോര്‍ഡ് ഇരുനുറ് മീറ്റര്‍ അകലെയുള്ള മറ്റൊരുവീടിന്റെ ഗേറ്റിന് മുന്നിലായി സ്ഥാപിച്ചു.
നായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു. കേളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ വീടിന്റെ ഗേറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കും, ചുടുകാട്ടില്‍ മാര്‍ജിന്‍ഫ്രീ ഷോപ്പിന്റെ ബോര്‍ഡും തകര്‍ത്തനിലയില്‍ കാണപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയിലാണ് വ്യാപകമായ അക്രമം നടത്തിയത്. റോയിയുടെ വീടിന് നേരെ രാത്രി 11.10 ഓടെ അക്രമണം നടത്തിയതെന്നാണ് പരാതി. വീടിന്റെ ജനാലചില്ലകള്‍ കമ്പിവടികൊണ്ട് അടിച്ചുതകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഭയംകൊണ്ട് പുറത്തിറങ്ങിയില്ല.
റോയി ഫോണിലൂടെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ മൂന്നോളം ബൈക്കില്‍ രക്ഷപെട്ടെന്ന് വീട്ടുകാര്‍ പറയുന്നു. അക്രമത്തിനിരയായവരുടെ പരാതിയെ തുടര്‍ന്ന് എടത്വാ പോലീസ് അന്വഷണം ആരംഭിച്ചു.
പച്ച ജംഗ്ഷനില്‍ ഫെഡറല്‍ ബാങ്കിലും സ്വകാര്യകച്ചവടക്കാരും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുറ്റവാളികളെ പിടികൂടാമെന്ന് നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് പച്ച പനയ്ക്കപറമ്പില്‍ റോയിയുടെ വീടിന് മുന്നില്‍കിടന്ന കാര്‍ അടിച്ചുതകര്‍ക്കുകയും പച്ചജംഗ്ഷനില് നിരവധികടകള്ക്ക് നേരേ അക്രമം നടക്കുകയും ചെയ്തിരുന്നു.
പച്ചയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവും ലഹരിമരുന്ന് വില്പനയും വ്യാപകമാണെന്നും, വൈകുന്നതോടെ മദ്യലഹരിയില്‍ കൈയ്യേറ്റവും അക്രമവും വ്യാപകമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: