ആലപ്പുഴ: മാവോയിസ്റ്റുകളെ നേര്‍വഴിക്കു നയിച്ച മലയാളിക്ക് അംഗീകാരം. ആലപ്പുഴ സ്വദേശിയും ഒഡീഷയില്‍ ഡിഐജിയുമായ എസ്. ഷൈനിയാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹയായത്.
സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരള കേഡറിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നഷ്ടമായ സാഹചര്യത്തിലാണ് ഈ പ്രസക്തിയേറിയത്. ഒഡീഷയിലെ വനമേഖലകളില്‍ ജനസമ്പര്‍ക്കത്തിലൂടെ മാവോയിസ്റ്റുകളെ ആയുധം താഴെ വയ്പിച്ച ഖ്യാതിയും ഷൈനിക്ക് സ്വന്തം.
ആലപ്പുഴ തോണ്ടന്‍കുളങ്ങര വന്മേലില് വീട്ടില്‍ റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍ പി. ശിവാനന്ദന്റെയും റിട്ട. തസഹീല്‍ദാര്‍ ടി.കെ. ഇന്ദിരാദേവിയുടെയും മകളാണ്. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ വൃന്ദാവനത്തില്‍ എന്‍. നിരൂപ് കുമാറാണ് ഭര്‍ത്താവ്. 2001 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഷൈനി നിലവില്‍ ഒഡീഷയിലെ സൗത്ത് വെസ്റ്റേണ്‍ റെയിഞ്ചിന്റെ ക്രമസമാധാന ചുമതലയുള്ള ഡിഐജിയാണ്.
കൊച്ചി സിബിഐ യൂണിറ്റിന്റെ മേധാവിയായി കേരളത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പോള്‍ മുത്തൂറ്റ് കൊലപാതക കേസിന്റെ അന്വേഷണ മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനമുള്ള ആറു ജില്ലകള്‍ ഉള്‍പ്പെടുന്ന ഒഡിഷയിലെ സൗത്ത് വെസ്റ്റേണ്‍ റേഞ്ചിന്റെ ചുമതല സാധാരണ സ്ത്രീകള്‍ക്ക് നല്‍കാറില്ല.
എന്നാല്‍ എസ്പി റാങ്കില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചതിന്റെ മികവും പരിഗണിച്ചാണ് ഈ റേഞ്ചില്‍ ഡിഐജിയായി നിയമനം നല്‍കിയത്. ഷൈനി ചാര്‍ജ്ജെടുത്ത ശേഷം മല്‍ക്കാന്‍ഗിരി പോലുള്ള തീവ്ര മാവോയിസ്റ്റ് മേഖലകളില്‍ ആയുധം വച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചു.
ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ഷൈനി ബ്രോക്കന്‍ ഡ്രീംസ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഭര്‍ത്താവ് നിരൂപ് കുമാര്‍ ഭുവനേശ്വര്‍ കിറ്റ്സിന്റെ നിയമ സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നു.
സന്തോഷം: ഷൈനി
ഒഡീഷ: അംഗീകാരത്തിന് സന്തോഷം. രാജ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നതായി ഒഡീഷ ഡിജിപിയും രാഷ്ട്ര പതിയുടെ അവാര്‍ഡു ജേതാവുമായ ഷൈനി ജന്മഭൂമിയോടു പറഞ്ഞു. ഡിസംബറില്‍ ജന്മനാടായ ആലപ്പുഴയില്‍ ഭര്‍ത്താവ് നിരൂപ് കുമാര്‍, മകന് നിശാന്ത് ഭൈരവ് എന്നിവരോടൊപ്പമാണ് അച്ഛനെയും അമ്മയെയും അനുജനെയും കാണാനെത്തിയത്. കുറച്ചു ദിവസം അവരോടൊപ്പം കഴിഞ്ഞശേഷം ജനുവരി ഒന്നിനാണ് ജോലിസ്ഥലത്തേക്ക് മടങ്ങിയത്.
പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്നെങ്കിലും കഠിനാദ്ധ്വാനിയായിരുന്നു മകളെന്ന് അമ്മ ഇന്ദിരാദേവി പറഞ്ഞു. സെന്റ് ജോസഫിലും എസ്ഡി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ഷൈനി ജേണലിസം ഡിപ്ലോമയ്ക്കുശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുകയായിരുന്നു. ആദ്യ തവണ തന്നെ വിജയിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍എസ്എസ് വാളന്റിയറായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ആതുരസേവനത്തില്‍ താത്പര്യം കൂടുതലായത്. ഇതാണ് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണയായത്. അനുജന് സജിത്ത് റവന്യൂ വകുപ്പ് ജീവനക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: