മലപ്പുറം: പാര്‍ട്ടി നേതാക്കളുടെയോ എംഎല്‍എമാരുടെയോ നിര്‍ബന്ധത്തിന് വഴങ്ങി എല്ലാ വീടുകളും അംഗന്‍വാടികളും വൈദ്യുതീകരിക്കാതെ നിയോജകമണ്ഡലം തലത്തില്‍ സമ്പൂര്‍ണ്ണ പ്രഖ്യാപനം നടത്തി വകുപ്പിന് നാണക്കേട് ഉണ്ടാക്കരുതെന്ന് മന്ത്രി എം.എം.മണി. സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിക്കാതെ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ നിയോജകമണ്ഡലം തലത്തിലുള്ള പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ലീഗ് എംഎല്‍എമാര്‍ പദ്ധതിയോട് നല്ല സഹകരണമാണ് കാണിക്കുന്നതെന്ന് പറഞ്ഞ മന്ത്രി നിലമ്പൂരിലെ തങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്വതന്ത്ര എംഎല്‍എ ഈ സഹകരണത്തില്‍ പിശുക്ക് കാണിക്കുന്നുണ്ടെന്നും അരോപിച്ചു. ഇത് മറ്റ് തലത്തില്‍ പരിഹരിക്കും. ആദിവാസി കോളനികളില്‍ വനം വകുപ്പിന്റെ തടസം പദ്ധതി പൂര്ത്തീകരണത്തിനുണ്ടെങ്കില് അത് നേരത്തെ സര്‍ക്കാറിനെ അറിയിക്കണം. ജീവനക്കാരുടെ കുറവുണ്ടെങ്കിലും പലയിടത്തും പദ്ധതി കാര്യക്ഷമമായി നടപ്പാക്കി വരുന്നു. മറ്റ് ഉദ്യോഗസ്ഥരും ഇത് പിന്തുടരണം. പദ്ധതിക്ക് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ല. ഉപകരണങ്ങളുടെ കുറവ് ബോര്‍ഡ് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ 9991 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 38 ശതമാനം കണക്ഷന് നല്കി കഴിഞ്ഞു. ഇനിയും പുതിയ അപേക്ഷകള്‍ വരുന്നുണ്ട്. വയറിംഗും കംപ്ലീഷനും ഉറപ്പാക്കാന്‍ ഓരോ ദിവസവും സെക്ഷന്‍ ഉദ്യോഗസ്ഥര്‍ കുറഞ്ഞത് മൂന്നു വീടുകളെങ്കിലും സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം യോഗത്തില്‍ നല്കി. ഫണ്ടില്ലാത്തതിനാല്‍ വര്‍ക്ക് ഏടുക്കില്ലെന്ന നിലപാട് ഈ പദ്ധതിയില്‍ ഉണ്ടാവരുതെന്ന് ഉറപ്പാക്കണം. ഉദ്യോഗസ്ഥ കുറവ് പരിഹരിക്കാന്‍ സ്ഥലം മാറ്റത്തിലൂടെ ശ്രമിക്കുമെന്നും യോഗ തീരുമാനമുണ്ടായി. ഫെബ്രുവരി 15ന് വീണ്ടും അവലോകനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: