ഒരിക്കലും പൊരുത്തപ്പെടാനാവാത്ത വേര്‍പാടുകളുണ്ട്. അങ്ങനെ വരുമ്പോള്‍ മനസ്സ് യാഥാര്‍ത്ഥ്യത്തിനും അയഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചരിച്ചെന്നു വരാം. കഴിഞ്ഞ വര്‍ഷം മലയാളികള്‍ എത്ര തവണയാണ് ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയത്. തുടക്കം നടി കല്‍പ്പനയിലൂടെയായിരുന്നു. അവിശ്വസനീയമായിരുന്നു ആ വാര്‍ത്ത.
2016 ജനുവരി 25 ന് സമയം ഏതാണ്ട് ഉച്ചയോടടുക്കുമ്പോഴായിരുന്നു ആ വിയോഗ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്. മാധ്യമങ്ങളിലൂടെ കേട്ടതും കണ്ടതുമൊന്നും സത്യമാവരുതേയെന്ന് അവര്‍ ആഗ്രഹിച്ചു, വെറുതെയെങ്കില്‍ കൂടി. കാരണം അത്രമാത്രം മലയാളികള്‍ ആ ബഹുമുഖപ്രതിഭയെ സ്നേഹിച്ചിരുന്നു. സിനിമാ പ്രേമികളെ ഒന്നടങ്കം തന്റെ ചിരിച്ചരടില്‍ കോര്‍ത്തുനിര്‍ത്താന്‍ കല്‍പ്പനയ്ക്ക് സാധിച്ചു. ചിരിപ്പിക്കുകയെന്നത് നിസാര കാര്യമല്ലല്ലോ?. നിഷ്കളങ്കമായ ഹാസ്യമായിരുന്നു അവര്‍ അവതരിപ്പിച്ചതിലേറെയും. നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ എത്രയെത്ര. പലതിലും കഥയില്ലാത്ത പെണ്ണായി പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു.
ഹാസ്യകഥാപാത്രങ്ങളെ കല്പനയോളം മികവുറ്റതാക്കിയ നടിമാര്‍ ചുരുക്കം. അത്തരം കഥാപാത്രങ്ങളില്‍ ഒരുപരിധിവരെ സംവിധായകര്‍ അവരെ തളച്ചിട്ടപ്പോഴും ഇടയ്ക്കൊക്കെ ആ അഭിനയ വല്ലരിയില്‍ ശക്തമായ കഥാപാത്രങ്ങളും പൂവിട്ടു.
വെള്ളിത്തിരയില്‍ ജഗതിയും കല്‍പ്പനയും ഹിറ്റ് ജോഡികളായി. പ്രേക്ഷകര്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിഐഡി ഉണ്ണികൃഷ്ണന് ബിഎ ബിഎഡ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ആലിബാബയും ആറരക്കള്ളന്മാരും, ഗ്രാമപഞ്ചായത്ത്, കാബൂളിവാല, പുന്നാരം, മിസ്റ്റര്‍ ബ്രഹ്മചാരി, സേതുരാമയ്യര്‍ സിബിഐ, എന്നും സംഭവാമി യുഗേ യുഗേ, പഞ്ചവടിപ്പാലം, …ആ നിര അങ്ങനെ നീളുന്നു.
കല്പ്പനയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1977 ല്‍ വിടരുന്ന മൊട്ടുകളിലൂടെയായിരുന്നു. ബാലതാരമായി. ശിഖരങ്ങള്‍, ദ്വിഗ് വിജയം എന്നീ ചിത്രങ്ങളിലും കല്‍പ്പന കുട്ടിയായി അഭിനയിച്ചു. പാതിരാസൂര്യന്‍, അന്തിവെയിലിലെ പൊന്നു, യാഗം, ഇതും ഒരു ജീവിതം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സമാന്തര സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന പോക്കുവെയിലില്‍ നായികയായി. ജി.അരവിന്ദന് നിഷയെന്ന കഥാപാത്രത്തെ വിശ്വസിച്ചേല്‍പ്പിക്കുകയായിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടായിരുന്നു നായകന്. രജത കമലം ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ ആ ചിത്രത്തെ തേടിയെത്തി. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പോക്കുവെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അത്തരമൊരു സമാന്തര സിനിമയുടെ ഭാഗമായിട്ടും കല്‍പ്പന പിന്നീട് ഹാസ്യനടിയുടെ ലേബലിലേക്ക് ചുരുക്കപ്പെട്ടു.
മലയാളിയുടെ നായികാ സങ്കല്പത്തിന് പറ്റുന്ന ശരീരപ്രകൃതിയായിരുന്നില്ല കല്‍പ്പനയ്ക്ക്. താന്‍ സുന്ദരിയല്ല എന്ന് അവര്‍ തന്നെ പറയുമായിരുന്നു. പക്ഷെ, ആ മുഖത്ത് ഹാസ്യഭാവങ്ങള്‍ മിഴിവാര്ന്ന് നിന്നു. അതിനൊത്ത ശബ്ദവിന്യാസങ്ങളോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തി. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ.പശുപതിയിലെ യുഡിസി കുമാരിയും കാബൂളിവാലയിലെ ചന്ദ്രികയും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും കുടുംബകോടതിയിലെ ഗുണ്ടൂര്‍ പാര്‍വ്വതിയും ഗ്രാമപഞ്ചായത്തിലെ പങ്കജാക്ഷിയും കല്പനയുടെ മികവിനുദാഹരണമായ ചില കഥാപാത്രങ്ങള്‍ മാത്രം. മിസ്റ്റര്‍ ബ്രഹ്മചാരിയിലെ കല്പന അവതരിപ്പിച്ച വീട്ടുജോലിക്കാരിയായ അനസൂയ പറയുന്ന ഒരു സംഭാഷണമുണ്ട്, ‘പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലെ തമ്പുരാനെയെന്ന്’. ഇന്നും ഈ ഡയലോഗ് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍പ്പുണ്ട്.
1985 ല്‍ ചിന്നവീട് എന്ന തമിഴ്ചിത്രത്തില്‍ ഭാഗ്യരാജിന്റെ നായികയായി. ഭാഗ്യലക്ഷ്മി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തുടര്‍ന്ന് നായികാ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ച കല്‍പ്പനയെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് അമ്മ വിജയലക്ഷ്മിയായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹിനിയെ അവതരിപ്പിക്കാന്‍ വിസമ്മതിച്ച കല്‍പ്പനയെ ആ കഥാപാത്രം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത് അമ്മയായിരുന്നു. ഏത് കഥാപാത്രമായാലും അത് അവതരിപ്പിച്ച് ഫലിപ്പിക്കുകയെന്നതാണ് ഒരു നടിയുടെ മികവെന്നും കഥാപാത്രം ചെറുതോ വലുതോയെന്നതില്‍ കാര്യമില്ലെന്നും ആ അമ്മ മകളെ പഠിപ്പിച്ചു. 1977 ല്‍ തുടങ്ങിയതാണ് കല്പ്പനയുടെ അഭിനയ ജീവിതം.
2016 ല്‍ വിടവാങ്ങുന്നതിന് തൊട്ടുമുമ്പുവരേയും അവര്‍ അഭിനേത്രിയായി തുടര്‍ന്നു. ഏകദേശം 300 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നിട്ടും വേണ്ടത്ര അംഗീകാരം അവരെ തേടിയെത്തിയില്ല. അതില്‍ കല്‍പ്പനയ്ക്കുമുണ്ടായിരുന്നു മനോവിഷമം. ആ സങ്കടം തീര്‍ന്നുകിട്ടിയത് 2012 ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലൂടെയാണ്. റസിയ, ചെല്ലമ്മ അന്തര്‍ജനം എന്നിവരുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കി ബാബു തിരുവല്ലയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇതിലെ റസിയയെ അവതരിപ്പിച്ചത് കല്പ്പനയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിരസിച്ച ആ ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയതില്‍ അവര്‍ അങ്ങേയറ്റം സന്തോഷിച്ചിരുന്നു.
ചാര്‍ലിയിലെ ക്യൂന്‍ മേരിയെന്ന കഥാപാത്രത്തെയും അവര്‍ അനശ്വരമാക്കി. ദുഖങ്ങള്‍ക്കെല്ലാം വിരാമമിട്ട് കടലിന്റെ ആഴങ്ങളില്‍ ക്യൂന്‍ മേരി അഭയം തേടി. മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കല്‍പ്പനയും തന്റെ സ്വകാര്യ ദുഖങ്ങളൊന്നും മറ്റാരേയും അറിയിച്ചിരുന്നില്ല. ഒടുവില്‍ വിധിവന്ന് കൂട്ടിക്കൊണ്ടുപോകുന്നതിന് മുമ്പുവരേയും അവര്‍ മുഖത്ത് ചായം തേച്ചു. ഒടുവില്‍ ചമയങ്ങളേതുമില്ലാത്ത ലോകത്തേക്ക്…എങ്കിലും ഒരിക്കലും ആ ചിരി പ്രേക്ഷക മനസ്സില്‍ നിന്ന് മായില്ല, അത് ഉറപ്പ്.
1965 ഒക്ടോബര്‍ 13 ന് നാടകപ്രവര്‍ത്തകരായ ചവറ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും മകളായാണ് കല്‍പ്പന പ്രിയദര്‍ശിനിയുടെ ജനനം. മിനി മോളെന്നും മീനുവെന്നും പ്രിയപ്പെട്ടവര്‍ സ്നേഹത്തോടെ വിളിച്ചു. നടിമാരായ ഉര്‍വശിയുടേയും കലാരഞ്ജിനിയുടേയും സഹോദരി. കമല്‍ റോയ്, അന്തരിച്ച പ്രിന്‍സ് എന്നിവര്‍ സഹോദരങ്ങള്‍. 1998 ല്‍ സംവിധായകന് അനില്‍ കുമാറിനെ വിവാഹം കഴിച്ചു. പതിനാല് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2012 ല്‍ വിവാഹമോചിതയായി. മകള്‍ ശ്രീമയി. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിലെത്തിയ കല്‍പ്പന അവിടെവച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
കല്‍പ്പന അഭിനയിച്ച തനിച്ചല്ല ഞാന്‍ എന്ന സിനിമ റസിയാ ബീവിയുടെ ജീവിതമാണ് പറയുന്നത്. റസിയ തന്നെ ചക്കരയെന്നുവിളിക്കുന്ന കല്പ്പനയെക്കുറിച്ചോര്ക്കുന്നു…
കല്പ്പനച്ചേച്ചി മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതാനുഭവം നല്ല രീതിയില്‍ അവതരിപ്പിച്ചതുകൊണ്ടാണ് ചേച്ചിക്ക് അവാര്‍ഡ് ലഭിച്ചത്. തന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ കഥാപാത്രത്തിന് റസിയ എന്നുതന്നെ പേരിടണമെന്ന് കല്പ്പനച്ചേച്ചി ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴും വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് മഹ്രിബ് നമസ്കാരം ചെയ്യുമ്പോള്‍ കുറേ വസ്ത്രങ്ങളും വീട്ടു സാധനങ്ങളുമായി വന്നു കയറി. എന്നിട്ട് പറഞ്ഞു, ”എടീ ചക്കരേ… നീ ലോകത്ത് ആരും ചെയ്യാത്ത പുണ്യകാര്യങ്ങളാണ് ചെയ്തത്. അതുകൊണ്ടാണ് നിന്നെ ഞാന്‍ സഹായിക്കുന്നത്” . അപ്പോള്‍ പ്രാര്‍ത്ഥനയ്ക്കുശേഷം ഞാന്‍ പറഞ്ഞു. ”ഈ സമയത്ത് ഞാന്‍ പറയുകയാണ്, എനിക്ക് തന്ന ഈ സഹായത്തിന് ലോകം അറിയുന്ന സമ്മാനം ചേച്ചിക്ക് ലഭിക്കും” എന്ന്. അതുപോലെ സംഭവിച്ചു. തുടര്‍ന്ന് അവാര്‍ഡ് കിട്ടിയ ഉടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. അള്ളാ ചക്കരയുടെ പ്രാര്‍ത്ഥന കേട്ടു. ഞാന്‍ കിടന്നുറങ്ങുന്ന ബെഡ്ഷീറ്റു പോലും അവര്‍ തന്നതാണ്. അവരെ ഇനി കാണാനാകില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാകുന്നില്ല.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: