ഇരിട്ടി: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനെ അഞ്ച് വര്‍ഷം കൊണ്ട് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്ക് ഒരുമയുടെ കൈത്താങ്ങുമായി നാട്ടുകാര്‍. വിദ്യാലയ വികസനസമിതി രൂപീകരണവും വികസന സ്നേഹസംഗമവും നടന്ന വേദിയില്‍ വികസന നിധി സമാഹരണം വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വച്ചാണ് മൂന്ന് കോടിയോളം രൂപയുടെ സഹായ വാഗ്ദാനങ്ങളും അഞ്ച് ലക്ഷം രൂപയും ലഭിച്ചത്. സ്കൂളിലെ അധ്യാപികയായ എ.കെ. ഗീത സഹോദരി എ.കെ.രാധയുടെയും അമ്മ സരോജിനി അമ്മയുടെയും ഓര്‍മക്കായി രണ്ട് സ്വര്‍ണവളകള്‍ നല്‍കിയാണ് വാഗ്ദാനങ്ങളുടെ തുടക്കമായത്. സ്കൂളിലെ പൂര്‍വ അധ്യാപകന് സി.കുഞ്ഞിരാമന്റെ മകന് പി.ഇ. ശ്രീജയന്‍ അരലക്ഷം രൂപ, സ്കൂളിലെ അധ്യാപകരായ കെ.അശോകന്റെയും സി.ശൈലജയുടെയും മകള്‍ ഡോ.അപര്‍ണ അരലക്ഷം രൂപ, സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് എന്‍.സുലോചനയും ഭര്‍ത്താവ് രാമകൃഷ്ണനും ചേര്‍ന്ന് 25,000 രൂപ, സ്കൂളിന് സമീപത്തെ ഋഷിക സ്റ്റോര്‍ ഉടമയും പൂര്‍വ വിദ്യാര്‍ഥിയുമായ കെ.കെ.രാജീവന് 10,000 രൂപയുടെയും വാഗ്ദാനങ്ങളാണ് നല്‍കിയത്. ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിഹിതമായി അഞ്ച് ലക്ഷം രൂപയുടെ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ സ്റ്റാഫ് സെക്രട്ടറിമാരായ കെ.ഹരീന്ദ്രന്‍, ഷാന്റി മാത്യു എന്നിവര്‍ വേദിയില്‍ വച്ചുതന്നെ മന്ത്രിക്ക് കൈമാറി. നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ബദല്‍ ഉല്പന്നങ്ങള് വിറ്റ് സംഭരിച്ച 12,000 രൂപയുടെ ചെക്കും ഉറവ പരിസ്ഥിതി ക്ലബ് പഠനയാത്രക്കായി കരുതി വച്ചിരുന്ന അയ്യായിരം രൂപയും വികസന നിധിയിലേക്ക് നല്കി. 1924 മുതല്‍ ഉള്ള പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്ന് സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കോടി രൂപയുടെ വാഗ്ദാനപത്രവും ആദ്യഗഡുവും പൂര്‍വവിദ്യാര്‍ഥി സംഘടന ഭാരവാഹിയായ കെ.ടി.ടോമി നല്കി. പ്രവാസി പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്ന് അഞ്ച് വര്‍ഷംകൊണ്ട് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കോടി രൂപയുടെ വാഗ്ദാനപത്രം പി.കെ.അലി മന്ത്രിക്ക് നല്കി. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് സ്വരൂപിക്കാനുദ്ദേശിക്കുന്ന 15 ലക്ഷം രൂപയുടെ വാഗ്ദാനപത്രം പിടിഎ വൈസ് പ്രസിഡന്റ് കെ.കെ.സജീവന് മന്ത്രിക്ക് കൈമാറി. തൃശൂരിലെ കോസ്റ്റ്ഫോര്‍ഡ് തയ്യാറാക്കിയ ഹരിത മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് അഞ്ച് വര്‍ഷം കൊണ്ട് 20 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടപ്പിലാക്കുക. ഒരു നിയോജക മണ്ഡലത്തില്‍ ഒരു വിദ്യാലയത്തെ തിരഞ്ഞെടുത്ത് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയിലേക്ക് സണ്ണി ജോസഫ് എംഎല്‍എയാണ് പാല സ്കൂളിനെ നിര്‍ദേശിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലും സ്കൂള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചടങ്ങില്‍ രൂപീകരിച്ച 1501 അംഗവികസന സമിതിയുടെ നേതൃത്വത്തില്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. 27 ന് സ്കൂള്‍ സംരക്ഷണ മനുഷ്യശൃംഖല നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: