ചാരുംമൂട്: താമരക്കുളം പത്താംവാര്‍ഡിലെ നാലുമുക്കില്‍ അഞ്ചു വീടുകള്‍ അടിച്ചു തകര്‍ത്തശേഷം പള്സര്ബൈക്കില് വന്ന മൂവര്‍ സംഘം രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11.30നായിരുന്നു ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ താമരക്കുളം പത്താംവാര്‍ഡില്‍ പടിഞ്ഞാറുചരുവില് വീട്ടില്‍ സുഭാഷ് (46)ന്റെ വീടിനു നേരെയായിരുന്നു ആദ്യം ആക്രമണം. പള്സര്ബൈക്കില് എത്തിയ മൂവര്‍ സംഘത്തിലെ രണ്ടുപേര്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് ഉടച്ചു, വടിവാള്‍ കൊണ്ട് കതകിനും സിറ്റൗട്ടിലെ ഗേറ്റിനും വെട്ടി കേടുപാടുകള്‍ വരുത്തി.
രണ്ടുപേര്‍ മുഖംമൂടി ധരിച്ചവരായിരുന്നെന്നും മൂവരും പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്നും സുഭാഷിന്റെ ഭാര്യ പറഞ്ഞു. തുടര്‍ന്ന് നാലുമുക്കിലെ പുതുപുരയ്ക്കല്‍ റഹീം (50)ന്റെ വീട്ടില്‍ എത്തിയ മൂവര്‍ സംഘം ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത് കതകില്‍ വെട്ടുകയും അകത്തു കയറാനും ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ടുണര്‍ന്ന റഹീം കതകു തുറന്നതും സൈക്കിള്‍ ചെയിന്‍പോലുള്ള ഏതൊ ആയുധം കൊണ്ടുള്ള അടിയേറ്റ് കൈയ്ക്ക് പരിക്കേറ്റു.
കല്ലുവിളയില്‍ റജിമോന്‍, (36) ചെറുമുഖത്ത് ബിജുമോന്, പുതുപുരയ്ക്കല്‍ ഷാഹൂര് ഹമീദ് എന്നിവരുടെ വീടുകളും തുടര്‍ന്ന് അക്രമിച്ചു. ഇവരുടെ വീടുകളിലെ ജനലും കതകും പൂര്‍ണ്ണമായും തകര്‍ത്തു. അക്രമത്തിന് ഇരയായ അഞ്ചുവീട്ടുകാര്ക്കും പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഇവര്‍ക്ക് ശത്രുക്കളായി ആരുമില്ലെന്നും പറയുന്നു.
വളരെ സമാധാനപരമായി കഴിഞ്ഞു വരുന്ന പ്രദേശമാണ് താമരക്കുളം പഞ്ചായത്തിലെ പത്താം വാര്‍ഡായ നാലുമുക്ക് പ്രദേശം. സമഗ്രമായ ഒരു അന്വേഷണം ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉടന്‍ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമലന് പറഞ്ഞു.
സ്ഥലത്ത് എത്തിയ മാവേലിക്കര സിഐ, നൂറനാട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: