കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം നടന്ന വിവിധ വേദികളില്‍ കലോത്സവം ആസ്വദിച്ചത് ആറുലക്ഷത്തോളം പേര്. ജില്ലയിലെ പോലിസ് അനൗദ്യോഗികമായി ശേഖരിച്ച കണക്കിലാണ് ആറുലക്ഷം പേര് കലോത്സവം ആസ്വദിച്ചതായ വിലയിരുത്തല്‍. ഇത് സര്‍വ്വകാല റെക്കോര്‍ഡാണെന്നാണ് സംഘാടകരുടെ വിശദീകരണം. വിവിധ വേദികളില്‍ പൊലിസ് നടത്തിയ നിരീക്ഷണവും ഊട്ടുപുരയില്‍ എത്തിയ ആള്‍ക്കാരുടെ കണക്കും നോക്കിയാണ് പൊലിസ് ആറുലക്ഷത്തിലേറെ പേര് കലോത്സവ നഗരിയില്‍ എത്തിയെന്ന് കണ്ടെത്തിയത്. കലക്ടര്‍ മിര്‍ മുഹമ്മദലി മേളയുടെ തുടക്കം മുതല്‍ ഒടുക്കം വരെ രംഗത്തുണ്ടായതും സ്ഥലംമാറി പ്പോയ എസ്.പി.സഞ്ജയ് കുമാര്‍ ഗുരുദിനും നിലവിലുള്ള എസ്പി കെ.പി.ഫിലിപ്പും നടത്തിയ ഇടപെടലും മേള ജനപ്രിയമാക്കുന്നതിന് വലിയ പങ്കുവഹിച്ചു. മേളയുടെ തുടക്കത്തില്‍ തന്നെ പബ്ലിസിറ്റി കമ്മറ്റി പ്രചാരണം ഊര്‍ജ്ജിതമാക്കിയിരുന്നു. പോലിസിനെ നേരത്തെ തന്നെ മേളയുടെ മുന്നൊരുക്കങ്ങള്‍ അറിയിച്ചതും മേളയുടെ ഒരുക്കങ്ങള്‍ സജീവമാക്കാന്‍ സാധിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം മേള ചരിത്രസംഭവമാവുകയും ചെയ്തു. ഗതാഗതം ഒരു തടസ്സവുമില്ലാതെ നീക്കാനായത് പൊലിസിനു നേരത്തെ വേദികളെ സംബന്ധിച്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ്. ഇക്കുറി ജനകീയ കമ്മറ്റികളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായതും മേളയുടെ വേറിട്ട കാഴ്ച്ചയാക്കി. എന്നാല്‍ കലാമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നതിനിടയില്‍ തലശ്ശേരിയില്‍ സിപിഎം സംഘം ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് ഒരു പരിധിവരെ മേളയുടെ പൊലിമ കെടുത്തിയെന്ന വിലയിരുത്തലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: