തിരുവനന്തപുരം : ഭാരതസ്ത്രീകള്‍ ആത്മധൈര്യം കൈവെടിയരുതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്. കോട്ടയ്ക്കകം സമന്വയ ഭവനില്‍ നടന്ന മഹിളാ ഐക്യവേദിയുടെ ജില്ലാ ഏകദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടാനുള്ള ശക്തിയാണ് അവര്‍ ആര്‍ജിക്കേണ്ടത്. രാമായണത്തിലെ സീതയേയും ഭാരതത്തെ അടുത്തറിഞ്ഞ ഭഗിനി നിവേദിതയേയും ഝാന്‍സിറാണിയേയും സ്ത്രീകള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സംസ്കാരത്തേയും ഹൈന്ദവികതയേയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് ഭാരതത്തിലുടനീളം കാണുന്നത്. വൈദേസികമാധിപത്യത്തില് തുടങ്ങിയ പ്രവണതയ്ക്ക് ഇന്നുവരെ മാറ്റം വന്നിട്ടില്ല. ഭാരതീയ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി അക്കാദമിക് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ ഇന്നത്തെ തലമുറയ്ക്ക് സാംസ്കാരികമായ അറിവ് അന്യമാണ്. ഇത് നമ്മള് അടുത്തറിയണം. ബാലഗോകുലം തുടങ്ങിയ ഹൈന്ദു സംഘടനകള്‍ നടത്തുന്ന പൗരാണിക പഠന ക്ലാസ്സുകളില്‍ കൂടി കുട്ടികളില്‍ സാംസ്കാരികമായി അറിവ് വളര്‍ത്തണം. ധാര്‍മ്മിക ചിന്താഗതിയുള്ള മഹിളാ ഐക്യവേദി മുഖ്യ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃത്വമാണ് എല്ലാത്തിന്റെയും നേതൃത്വം. ശ്രീനാരായണഗുരുവിനെപോലും മതേതരവാദിയെന്ന് ചിത്രീകരിക്കാന്‍ ഒരുമ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ട് ഹിന്ദുവെന്ന സ്വാഭിമാനം വളര്‍ത്തേണ്ടതാണെന്നും ഹരിദാസ് പറഞ്ഞു. സാമൂഹ്യ വിഷയങ്ങള്‍ മാധ്യമ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്ത്രീസമൂഹം വഹിക്കേണ്ട പങ്കിനെക്കുറിച്ച് ജന്മഭൂമി ഡയറക്ട് ബോര്‍ഡ് അംഗം ടി. ജയചന്ദ്രനും ഭാരത സമൂഹത്തില്‍ ഭഗിനി നിവേദിതയുടെ പ്രവര്‍ത്തന ചരിത്രത്തെക്കുറിച്ച് ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഹരീന്ദ്രന്‍ മാഷും ക്ലാസ്സെടുത്തു. മഹിളാ വേദി ജില്ലാ പ്രസിഡന്റ് അഡ്വ. സംഗീത രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടരി സൂര്യപ്രേം, ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, സംഘടന സെക്രട്ടറി കെ. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: