തിരുവനന്തപുരം : സരസ്വതി വിദ്യാലയവും സസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്റെ പുരസ്കാരം മോഹന്‍ലാലിന്. ഒരു ലക്ഷം രൂപയും ഫലകവും സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് മോഹന്‍ലാലിന് നല്കി. സിനിമാരംഗത്തെ ജനപ്രിയത്വവും മാര്‍ത്താണ്ഡവര്‍മ്മ രാജാവുമായുള്ള അടുത്ത ബന്ധവുമാണ് പുരസ്കാരത്തിന് മോഹന്‍ലാലിനെ അര്‍ഹനാക്കിയത്. അധികാരമില്ലെങ്കിലും സാധാരണക്കാരുടെ വാക്കുകള്‍ക്ക് മൂല്യം നല്കുന്ന രാജാവായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പാരമ്പര്യത്തിലും സംസ്കാരത്തിലുമധിഷ്ഠിതമായിട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇന്നത്തെ ഭരണകര്‍ത്താക്കളില്‍ നിന്നും അദ്ദേഹം വ്യത്യസ്തനാണ്. പ്രത്യക്ഷ രാഷ്ട്രീയത്തില്‍പ്പെടാതെ രാജവംശം വളര്‍ത്തിയെടുത്ത മതേതരത്വം രാഷ്ട്രീയത്തിനതീതമായി നിലകൊള്ളുന്നത് അഭിമാനിക്കാവുന്നതാണെന്നും പുരസ്കാരം ഏറ്റുവാങ്ങവെ മോഹന്‍ലാല്‍ പറഞ്ഞു.
സമൂഹത്തിലെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ധീരമായ കഴിവ് മോഹന്‍ലാലിനുണ്ടെന്ന് എംഎല്‍എ ഒ. രാജഗോപാല്‍ പറഞ്ഞു. നോട്ട് നിരോധനം രാഷ്ട്രീയ വിചാരണയ്ക്കെടുത്തപ്പോഴും അത് നാടിന് നല്ലതാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. സാമൂഹിക തിന്മകളെ ജീവിതയാഥാര്ത്ഥ്യത്തോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച പ്രതിഭയാണ് മോഹന്‍ലാലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കടകം പള്ളി സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗായകന് ജി. വേണുഗോപാല്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന് അംഗങ്ങളായ ജി. രാജ്മോഹന്‍, രാജേഷ്കുമാര്‍, ഡോ. എം.പി. പിള്ള, യുഎഇ. സിഇഒ. സുധീര്‍ ഷെട്ടി സരസ്വതി വിദ്യാലയം പ്രിന്‍സിപ്പാള്‍ ക്യു.ആര്. ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: