പത്തനംതിട്ട: ഇന്നലെ ഉദ്ഘാടനം ചെയ്ത ‘നവകേരളത്തിനായി ജനകീയാസൂത്രണം’ എന്ന പദ്ധതിയില്‍ ഗവിയിലെ നിര്ഭാഗ്യവാന്മാരായ ജനതയുടെ താല്പര്യത്തിന് ഏതുസ്ഥാനമാണ് നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന് ആവശ്യപ്പെട്ടു. ഗവി ഭൂമിസമരസമിതി പത്തനംതിട്ടയില്‍ നടത്തിയ ദിനരാത്ര സമരസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു സമയത്തും വഴിയാധാരമായിപ്പോകും എന്ന പരാധീനതയില്‍ ജീവിക്കുന്ന ഗവിയിലെ ജനതയോട് സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. ഊരും പേരും പൗരത്വവുമില്ലാതെ എല്ലാം നഷ്ടപ്പെട്ട ഗവിയിലെ തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങള്‍ വളരെ ഗുരുതരമാണ്. അതോടൊപ്പം മണ്ണിന്റെ ഉടമകളായ വനവാസികള്‍ക്ക് ടൂറിസം പദ്ധതികളുടെ പേരില്‍ അഭയാര്ത്ഥികളാകേണ്ടുന്ന ദുരന്തഭീഷണിയുമുണ്ട്. മണ്ണില്‍ ജീവിക്കാനും അതിന്റെ ഉടമകളാകാനുമുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്. ഈ മൗലികാവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഭൂസമരമായി ഉയര്‍ന്നു വന്നത്.
എന്നാല്‍ സംസ്ഥാനത്തെ ഭരണവര്‍ഗ്ഗം അത് വേണ്ട തരത്തില്‍ ഉള്‍ക്കൊള്ളുന്നില്ല. ദരിദ്ര നാരായണന്മാരായ സാധാരണക്കാരെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്ന പ്രമാണി വര്‍ഗ്ഗത്തിന്റെ താത്പര്യം സംരക്ഷിക്കാനായി നിലകൊള്ളുന്ന മുന്നണിയാണ് കേരളം ഭരിക്കുന്നത്. ഇവറ്റകളെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കാനുള്ള ശക്തി ഇവിടുത്തെ സാധാരണക്കാരായ ജനത സംഭരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഗവി ഭൂമി സമരസമിതി ജനറല്‍ കണ്‍വീനര്‍ ഷാജി ആര്.നായര്‍ അദ്ധ്യക്ഷത വഹിച്ചു.
വെള്ളിയാഴ്ച്ച പകല്‍ 12 മണിയോടെ പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനുമുന്നില്‍ ആരംഭിച്ച സമരം അരിപ്പ ഭൂസമര നേതാവ് ശ്രീരാമന് കൊയ്യോന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവടക്കമുള്ള നേതാക്കള്‍ സമരത്തെ അഭിസംബോധന ചെയ്തിരുന്നു. ഇന്നലെ 12 മണിയോടെ ഇരുപത്തിനാല് മണിക്കൂര്‍ സമരം സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: