തൊടുപുഴ: കോളേജ് വിദ്യാര്‍ത്ഥിയെ ബിയര്‍കുപ്പിക്ക് തലയ്‌ക്കടിച്ച് കൊന്ന കേസില്‍ രണ്ട് പ്രതികള്‍ കൂടി ഉടന്‍ പിടിയിലാകും. കാളിയാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തിവരികയാണ്.
മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ മൂന്നാം വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ (20)നാണ് സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്.
പിടിയിലായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ അച്ഛനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ത്ഥിയെയുമാണ് പോലീസ് തെരയുന്നത്. ഇവര്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയതാകാമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക സംഘത്തില്‍ ഇവരുള്ളതായി കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
മരിച്ച അര്‍ജുന്‍ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. വണ്ടമറ്റം അമ്പാട്ട് വീട്ടില്‍ തങ്കച്ചന്‍- വിലാസിനി ദമ്പതികളുടെ ഏകമകനായിരുന്നു അര്‍ജുന്‍.വണ്ടമറ്റത്ത് ഈ യുവാവിനെ കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ വളരെ നല്ല അഭിപ്രായമാണുള്ളത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അര്‍ജുന്‍ അമ്പാട്ട് വീടിന്റെ ഏക പ്രതീക്ഷയായിരുന്നു. കണ്ണില്ലാത്ത കൗമാരത്തിന്റെ ചാപല്യത്തില്‍ എരിഞ്ഞമര്‍ന്ന ഈ യുവാവിന് കണ്ണീരോടെയാണ് വണ്ടമറ്റം ഗ്രാമം വിട നല്‍കിയത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഒരു മണിക്ക് മൃതദേഹം വീട്ടിലെത്തിച്ചു.നൂറു കണക്കിന് പ്രദേശവാസികള്‍ ഇന്നലെ വൈകിട്ട് നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പ്രതിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
















