കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന, സിനിമാ താരങ്ങള്‍ക്ക് ഭരത്, സൈനികര്‍ക്ക് കീര്‍ത്തിചക്ര, എന്നതുപോലെ പ്രവാസികള്‍ക്ക് അഭിമാനവും അന്തസ്സും അംഗീകാരവും ആദരവും നല്‍കുന്നതാണ് പ്രവാസി ഭാരതീയ സമ്മാന്‍. വിദേശ രാജ്യങ്ങളില്‍ ജീവിത വിജയം നേടുന്നതിനോപ്പം മാതൃരാജ്യത്തിന്റെ സംസ്കാരവും മഹത്വവും ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ നല്കുന്ന വലിയ ബഹുമതിയാണ് ഈ പുരസ്കാരം.
ഇത്തവണ ബംഗളൂരുവില്‍ പ്രവാസി സമ്മേളനത്തില്‍, ആസ്ട്രേലിയ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ‘പ്രവാസി ഭാരതീയ സമ്മാന്‍’ ഏറ്റുവാങ്ങി. സാമൂഹിക സേവനം, ബിസിനസ്, കലാസാംസ്കാരികം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, പാരിസ്ഥിതികം, സാമൂഹിക നേതൃത്വം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയവര്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം നീനാ ഗില്‍, അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ തുടങ്ങി അവാര്‍ഡ് സ്വീകരിച്ച 30 പേരില്‍ ഒരാള്‍ മലയാളിയായിരുന്നു, വി. കെ. രാജശേഖരന് പിള്ള.
ബഹ്റൈനിലെ പ്രമുഖ വ്യവസായിയായ മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശി. സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും അഭിമാനം നല്കിയ നിമിഷം. ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും നിശബ്ദ സേവനത്തിനും ലഭിച്ച ആ അംഗീകാരം നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.
കുട്ടംപേരൂരിലെ പേരെടുത്ത തറവാടുകളായ ചക്കനാട്ട് കുടുംബത്തിലെ കൃഷ്ണപണിക്കരുടേയും (കുട്ടന് പിള്ള) മണ്ണുരേത്ത് ശാരദാമ്മയുടേയും ആറുമക്കളില്‍ മുന്നാമനായ രാജശേഖരന് പത്താം ക്ലാസ് പഠനത്തിനുശേഷം ബോംബെയിലേക്ക് ചേക്കേറിയത് ജീവിത പ്രാരാബ്ധം കൊണ്ടായിരുന്നില്ല. മാന്നാറില്‍ മൊത്തവിതരണ സ്ഥാപനം നടത്തുന്ന കൃഷ്ണപണിക്കരുടെ മക്കള്‍ക്ക് ഒരു പ്രവാസ ജീവിതത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല.
ബോംബെയില്‍ താമസിക്കുന്ന സഹോദരിയുടെ ഭര്‍ത്താവ് വിദേശത്തുപോയ അവസരത്തില്‍ അവര്‍ക്കൊരു കൂട്ടായി ബോംബയില്‍ പോയി താമസിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് അച്ഛനായിരുന്നു. 1978 ലെ ആ യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രാജശേഖരന് പിള്ള പറയുന്നു.
ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് പത്ത് വര്‍ഷത്തോളം ബോബെയിലെ വിവിധ സ്ഥാപനങ്ങളിലായി പലവിധ ജോലികള്‍ ചെയ്തു. അന്നത്തെ ഏതൊരു മലയാളി യുവാവിനേയും പോലെ ഗള്‍ഫ് എന്ന സ്വപ്നം രാജശേഖരന് പിള്ളയുടെ മനസ്സിലും മുളപൊട്ടിയിരുന്നു. ഒടുവില്‍ ഒരു പരസ്യ കമ്പനിയില്‍ അസിസ്റ്റന്റ് മീഡിയ മാനേജരായി ജോലി ചെയ്തുവരവേസൗദിയിലേക്ക് പോകാന്‍ അവസരം ലഭിച്ചു.
സൗദിയിലെത്തിയ അദ്ദേഹം അധികം താമസിയാതെ തന്നെ തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചു. ‘നജിഡ്സ് സെന്റര്‍ ഫോര്‍ സേഫ്റ്റി സപ്ലൈസ്’ എന്ന കമ്പനി തുടങ്ങിക്കൊണ്ടായിരുന്നു അത്. അഗ്നി സുരക്ഷാ സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന അന്താരാഷ്ട്ര പ്രശസ്തമായ അമേരിക്കന്‍ ഏജന്‍സിയുടെ അംഗീകാരം നേടിയെടുത്തതോടെ വളര്‍ച്ച ദ്രുതഗതിയിലായി. പിന്നീട് 2002 ലാണ് ബഹ്റൈനിലേയ്ക്ക് താമസം മാറുന്നത്. അവിടെ ‘നാഷണല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി’ എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് ‘നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനി’ എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി. ഇന്ന് ബഹ്റനിലെ ഫയര്‍ ഫൈറ്റിംഗ് രംഗത്തെ പകരക്കാരില്ലാത്ത സ്ഥാപനമാണ് നാഷണല്‍ ഗ്രൂപ്പ്.
ബഹ്റൈനിലെ എല്ലാ പ്രമുഖ വ്യാവസായിക മേഖലകളിലും നാഷണല്‍ ഗ്രൂപ്പ് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ഈ വിജയം രാജശേഖരന് പിള്ളയെ പുതിയ പല മേഖലകളിലേയ്ക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിന് സഹായിച്ചു. ബഹ്റൈന്‍, യു.എ.ഇ, സിങ്കപ്പൂര്‍, ബ്രിട്ടന് തുടങ്ങിയ വിദേശ രാജ്യങ്ങള്‍ക്ക് പുറമേ സ്വന്തം നാട്ടിലും രാജശേഖരന് പിള്ള ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. മലയാളികളടക്കം ആയിരത്തോളം പേര് വിദേശ രാജ്യങ്ങളില്‍ മാത്രം അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തുവരുന്നു.
ലാഭേച്ഛയില്ലാത്ത സൗഹൃദങ്ങളാണ് രാജശേഖരന് പിള്ളയുടെ മറ്റൊരു വലിയ സമ്പാദ്യം. അതില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടുന്നു. ആരേയും അനാവശ്യമായ ശുപാര്‍ശകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കാത്തതിനാലാണ് ആ സ്നേഹബന്ധങ്ങള്‍ പലതും കാലങ്ങളായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ബിസിനസ് രംഗത്ത് മാത്രമല്ല ബഹ്റൈനിന്റെ സാംസ്കാരിക രംഗത്തും രാജശേഖരന് പിള്ളയും അദ്ദേഹത്തിന്റെ നാഷണല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്ന സ്ഥാപനവും സുപരിചിതമാണ്.
ബഹ്റൈനിലെ ഏതാണ്ട് എല്ലാ പ്രവാസി സംഘടനകളുമായും നേരിട്ടോ അല്ലാതെയോ ബന്ധമുള്ള അദ്ദേഹം ഇതുവരേയും ഒരു സംഘടനയുടേയും നേതൃനിരയിലേയ്ക്ക് എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ‘പത്ത് കാശുണ്ടായാല് പിന്നെ നാലു സംഘടനകളുടെയെങ്കിലും തലപ്പത്ത്’ എന്ന പതിവ് പ്രവാസി മനസ്സിന് വിരുദ്ധമായി ചിന്തിക്കുന്നതിനെക്കുറിച്ച് രാജശേഖരന് പിള്ളയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ‘ഏതെങ്കിലും ഒരു സംഘടനയുടെ നേതൃത്വത്തിലേയ്ക്ക് വരുന്നവര്‍ അതിനു വേണ്ടി ജോലി ചെയ്യാന്‍ സമയം കണ്ടെത്തണം. അതിന് കഴിയാതിരുന്നാല്‍ അത് ആ സംഘടനയോട് ചെയ്യുന്ന തെറ്റാവും. ബിസിനസ്സ് കാര്യങ്ങള്‍ക്ക് തന്നെ സമയം കിട്ടുന്നില്ല.
അലങ്കാരമെന്നതുപോലെ ഒരു സ്ഥാനത്തിരിക്കാന്‍ താല്പര്യവുമില്ല.’ അദ്ദേഹം പറയുന്നു. പക്ഷെ മാനുഷിക മൂല്യങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുള്ള അദ്ദേഹം തന്റെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ രൂപീകരിച്ചതാണ് രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ്.
ആസ്ടേലിയയില്‍ നിന്നുള്ള ഡോ. ഗൊരുര്‍ കൃഷ്ണ ഹരിനാഥയ്ക്ക് പിന്നാലെയാണ് രാജശേഖരന് പിള്ള പ്രവാസി ഭാരതീയ സമ്മാന്‍ ഏറ്റുവാങ്ങിയത്. പലരും കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കുടുംബം എന്നാല്‍ ഭാര്യ മക്കള്‍. പക്ഷെ ഭാര്യയ്ക്കും മക്കള്‍ക്കും പുറമെ മാതാവ് ശാരദാമ്മയും ഭാര്യാമാതാവ് പൊന്നമ്മയും, സഹോദരങ്ങളും സുഹൃത്തുക്കളും അടങ്ങിയ വലിയ ജനാവലിയെ സാക്ഷ്യപെടുത്തിയാണ് അദ്ദേഹം ഉപഹാരം ഏറ്റുവാങ്ങിയത്.
വേദിയില്‍ നിന്ന് ഇറങ്ങവേ ഡോ. ഗൊരുര്‍ കൃഷ്ണയുടെ വാക്കുകള്‍ രാജശേഖരന് പിള്ളയ്ക്കുള്ള പ്രത്യേക അഭിനന്ദനമായിരുന്നു. ”രാജശേഖരന് പിള്ള, താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു, പുരസ്കാരം നേടിയതിനു മാത്രമല്ല, നമ്മുടെ സംസ്കാരം കാത്തുസൂക്ഷിക്കുംവിധം ഈ വൃദ്ധമാതാക്കളുടെ സാന്നിധ്യമാണ് എന്നെ അത്ഭുതപ്പടുത്തുന്നത്” ഗൊരുര്‍ കൃഷ്ണ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
ചിത്രകാരിയായ ഭാര്യ ശ്രീകല, കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ ശേഷം പൂനയിലെ നിക്മാറില്‍ ഉപരിപഠനം നടത്തുന്ന മകള്‍ രാജശ്രീ, ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന് ശ്രീരാജ് എന്നിവരും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങള്‍ ജന്മഭൂമിയോടു പങ്കിട്ടു.
രവിപിള്ള ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഇതിനു മുമ്പ് ബഹറൈനില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചിട്ടുള്ളത്. ‘ഈ പുരസ്കാരം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ എന്നില്‍ ഏല്പിക്കുന്നു, സമൂഹ നന്മയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നതാണത്. പരമാവധി അതിനായിപരശ്രമിക്കും.’ ഭാവി പരിപാടികളെകുറിച്ചു ചോദിച്ചപ്പോള്‍ രാജശേഖരന് പിള്ള വ്യക്തമാക്കിയതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: