തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമി കൈയേറിയ ക്വാറി മാഫിയയെ സഹായിക്കാന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. വന്‍കിട ക്വാറി, എസ്റ്റേറ്റ് ഗ്രൂപ്പായ പോബ്സണു വേണ്ടിയാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് തന്നെ രംഗത്തെത്തിയത്. സര്‍വ്വേ വിജിലന്‍സും സര്‍വ്വേ ജോയിന്റ് ഡയറക്ടറും സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് കണ്ടെത്തുകയും വ്യാജരേഖകളിലൂടെ ഭൂമി പോക്കുവരവ് നടത്തിയ നടപടി റദ്ദുചെയ്യുകയും ചെയ്തെങ്കിലും ആ നടപടിക്കെതിരെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ രംഗത്തെത്തിയത്.
പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍പ്പെടുന്ന ആയിരവല്ലി കുന്നിന് സമീപമുള്ള അഞ്ചേക്കര്‍ ഭൂമിയാണ് 2006ല്‍ സര്‍വ്വേ അദാലത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൃത്രിമ രേഖകളിലൂടെ പോബ്സ് ഗ്രൂപ്പ് കൈവശപ്പെടുത്തിയത്. ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വ്വേ നമ്പര്‍ 448/6, 458/7,8,9,11, 451/14,15,16, 446/7ല്‍പ്പെടുന്ന പോബ്സ് ഗ്രൂപ്പ് ഡയറക്ടര്‍ എബി മാത്യു കൈവശമാക്കിയ ഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍വ്വേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സര്‍വ്വേ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ജോയിന്റ് ഡയറക്ടര്‍ വിശദ പരിശോധന നടത്തുകയും ഭൂമിയുടെ പോക്കുവരവ് നടപടി റദ്ദാക്കുകയും ചെയ്തു.
എന്നാല്‍ ഭൂമി കൈമാറ്റം റദ്ദാക്കാന്‍ കളക്ടര്‍ക്കാണ് അധികാരമെന്നും ജോയിന്റ് ഡയറക്ടറുടെ നിലപാട് തെറ്റാണെന്നും കാട്ടിയാണ് സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോയിന്റ് ഡയറക്ടറുടെ നടപടി റദ്ദാക്കിയത്.
2010 ജൂണ്‍ 1നു മുമ്പുള്ള സര്‍വ്വേ അദാലത്തു വഴിയുള്ള തീരുമാനങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സര്‍വ്വെ വകുപ്പില്‍ തന്നെ നിക്ഷിപ്തമാണെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കവെയാണ് റവന്യൂവകുപ്പ് സെക്രട്ടറിയുടെ ഈ നടപടി.
അതു മാത്രമല്ല. കോടികളുടെ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത ഖനനം നടത്തുന്ന വന്‍ ഗ്രൂപ്പിനുവേണ്ടി രംഗത്തെത്തുന്നതിനുമുമ്പ് സര്‍വ്വേ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടോ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടുകളോ ഫയലുകളോ പരിശോധിക്കാതെയാണ് റവന്യൂ സെക്രട്ടറി ജോയിന്റ് ഡയറക്ടറുടെ നടപടിക്കെതിരെ രംഗത്തെത്തിയത്.
ജോയിന്റ് ഡയറക്ടര്‍ ഭൂമി കൈമാറ്റം റദ്ദ് ചെയ്ത നടപടി റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചശേഷം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുമ്പിലെത്തിക്കണമെന്ന രസകരമായ ഉത്തരവും റവന്യു സെക്രട്ടറി പുറപ്പെടുവിച്ചിട്ടുണ്ട്. വന്‍കിട ക്വാറി എസ്റ്റേറ്റ് ഗ്രൂപ്പിന് അനുകൂലമായി നടപടിയെടുത്തതിനുപിന്നില് കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
















