പൊള്ളുന്ന വേനലില്‍
കരിഞ്ഞുണങ്ങി കുരുമുളക് ചെടികള്‍
അടിമാലി: വേനല്‍ കനത്തതോടെ കുരുമുളക് ചെടികള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈറേഞ്ച് മേഖലയില്‍ നിന്ന് ദ്രുതവാട്ടവും മറ്റ് വിവിധ രോഗങ്ങള്‍ മൂലവും കുരുമുളക് കൃഷി പ്രതിസന്ധിയിലായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും കുരുമുളക് കൃഷി ശക്തി പ്രാപിച്ചതോടെയാണ് കടുത്ത വേനല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.വിളവെടുക്കാറായതും,മൂപ്പെത്താത്തതുമായ കൊടികള്‍ വാടിത്തളര്‍ന്ന് ഇലകളും,തിരികളും പെഴിയുന്ന ദുരവസ്ഥ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്.
വാടിത്തളരുന്ന കുരുമുളക് ചെടികള്‍ക്കൊപ്പം കര്‍ഷകരും മാനസികമായി തകര്‍ന്നു കഴിഞ്ഞു. കരിഞ്ഞുണങ്ങുന്ന ചെടികളില്‍ നിന്നും മൂപ്പെത്താത്ത തിരികള്‍ പറിച്ചെടുത്ത് ചെടിയെ രക്ഷിയ്‌ക്കാനുള്ള ശ്രമവും വിജയം കാണുന്നില്ല. കായ്ചു നില്‍ക്കുന്ന ജാതിമരത്തിന്റെയും സ്ഥിതി വ്യത്യസ്ഥമല്ല.ജലസേചനസൗകര്യമില്ലാത്ത ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കായ്‌കള്‍ പൊഴിഞ്ഞു തുടങ്ങിയതും കര്‍ഷകരെ വന്‍പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. വര്‍ഷകാലത്ത് ആവശ്യത്തിന് മഴലഭിക്കാത്തതിനാല്‍ വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റത്ത സ്ഥിതിയിലാണ്.
















