ഗൗതം അച്ഛനും അമ്മയ്ക്കുമൊപ്പം
കണ്ണൂര്‍: ഹൈസ്കൂള്‍ വിഭാഗം കുച്ചുപ്പുടിയില്‍ രണ്ടാംസ്ഥാനം നേടിയ ഗൗതമിനെ തിരക്കിയുള്ള യാത്ര അവസാനിച്ചത് കണ്ണൂര്‍ വ്യാപാര ഭവനിലെ ഇടുങ്ങിയ മുറിയില്‍. അച്ഛന് മഹേശ്വരനും അമ്മ അനിതയും നൃത്താധ്യാപകന് ജോഷി, മേക്കപ്പ് മാന്‍, സഹായി തുടങ്ങി എട്ടോളം പേര് മുറിയിലുണ്ട്. സാധാരണ വ്യാപാര ഭവനിലെ മുറി ആര്‍ക്കും നല്‍കാറില്ല. ഈ സംശയമാണ് ഗൗതമിന്റെ ജീവിതത്തിന്റെ നൊമ്പരം ജന്മഭൂമിയോട് പറഞ്ഞത്.
അച്ഛന് മഹേശ്വരന് കൂലിപ്പണി. ഇതാണ് കുടുംബത്തിന്റെ ഏക ആശ്രയം. സ്കൂളില്‍ നിന്നു നല്കിയ അയ്യായിരം രൂപയും കൊണ്ട് അമ്മയ്ക്കും അച്ഛനുമൊപ്പം കണ്ണൂരിലെത്തി. രാത്രിയില്‍ റൂം അന്വേഷിച്ചപ്പോള്‍ വാടക ആയിരം രൂപക്കും മേലെ. അച്ഛന്റെ കൈയിലെ പണത്തിന്റെ സ്ഥിതി അറിയാവുന്ന ഗൗതം തന്നെയാണ് പ്ലാറ്റ്ഫോമില്‍ കഴിയാം എന്ന് തീരുമാനിച്ചത്. സുഹൃത്ത് വിളിച്ചപ്പോള്‍ മഹേശ്വരന് റയില്‍വേ സ്റ്റേഷനിലെ താമസക്കാര്യം പറഞ്ഞു. സുഹൃത്ത് ഇടപെട്ടാണ് വ്യാപാര ഭവനില്‍ സൗജന്യമായി മുറി ഒരുക്കിയത്.
തിരുവനന്തപുരം പോത്തന്‍കോട് ഗംഗാഭവനില്‍ മഹേശ്വരന്റെയും അനിതയുടെയും മകനാണ് ഗൗതം. ഏഴാം ക്ലാസില്‍ വീഡിയോ കണ്ട് നാടോടിനൃത്തം സ്വയം പഠിച്ച് കളിച്ച ഗൗതം കഴിഞ്ഞ മൂന്നു വര്‍ഷമായി ആറ്റിങ്ങല്‍ ജോഷിയുടെ കീഴിലാണ് പഠനം. അച്ഛന്റെ വരുമാനം നിത്യവൃത്തിക്ക് പോലും തികയില്ലെന്ന് കണ്ടതോടെ ഇടക്ക് ചിലങ്കയഴിച്ച ഗൗതമിനെ ജോഷി സൗജന്യമായി പഠിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീട് പൂര്‍ത്തിയാക്കാന്‍ ആകെയുള്ള അഞ്ച് സെന്റ് പണയപ്പെടുത്തി കാര്‍ഷിക ബാങ്കില്‍ നിന്ന് മൂന്നര ലക്ഷം ലോണെടുത്തു. അടവ് തെറ്റി പലിശയും കൂട്ടുപലിശയുമായതോടെ വീണ്ടും പുതുക്കിവച്ചു.
വീടിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്ത 70,000 രൂപയ്ക്കാണ് ജില്ലാ കലോത്സവത്തില്‍ നാടോടിനൃത്തം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയ്ക്ക് വേഷമൊരുക്കിയത്. രക്ഷിതാക്കള്‍ക്ക് ഭക്ഷണ കൂപ്പണ്‍ നല്കാത്തതിനാല് ഒരുനേരം ഭക്ഷണം ഒഴിവാക്കി ആ തുക കൂടി മിച്ചം പിടിക്കുകയാണ് കണ്ണൂരിലെത്തിയ ഈ കുടുംബം.
പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതം കഴിഞ്ഞ വര്‍ഷം ഭരതനാട്യത്തില്‍ എ ഗ്രേഡും നാലാം സ്ഥാനവും കുച്ചുപ്പുടിയില്‍ എ ഗ്രേഡും നേടിയിരുന്നു.
















