ആലപ്പുഴ: വിഎസ് സര്‍ക്കാരില്‍ കയര്‍ മന്ത്രിയായിരുന്ന ജി. സുധാകരന്‍ തുടങ്ങിയ കയര്‍ഫെസ്റ്റിന് ഇപ്പോഴത്തെ കയര്‍ മന്ത്രി തോമസ് ഐസക്കിന്റെ തിരുത്ത്. എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെയാണ് ‘കയര്‍ കേരള’ നടത്തിയിരുന്നത്. 2011 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഒരേ മാതൃകയില്‍ നടന്ന ഫെസ്റ്റ് ഈ വര്‍ഷം മുതല്‍ ആഗസ്റ്റില്‍ നടത്തിയാല്‍ മതിയെന്നാണ് ഐസക്ക് നിര്‍ദ്ദേശം നല്‍കിയത്.
നടത്തിപ്പ് ചുമതലയില്‍ നിന്ന് നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി(എന്‍സിആര്‍എംഐ)നെ ഒഴിവാക്കി കയര്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനാണ് ആലോചന. സുധാകരന്‍ തുടങ്ങിവച്ചത് അതേ രീതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്നു. സുധാകരന്റെ എതിര്‍ ചേരിയിലെ തോമസ് ഐസക്കിന്റെ നീക്കം സിപിഎമ്മില്‍ ചര്‍ച്ചയായി.
താന്‍ ആവിഷ്‌ക്കരിച്ച ഏറ്റവും വിപ്ലവകരമായ പദ്ധതിയാണ് കയര്‍ഫെസ്റ്റെന്നാണ് ജി. സുധാകരന്‍ അവകാശപ്പെടുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴയില്‍ നടക്കുന്ന ഫെസ്റ്റ് ആഗോള കയര്‍ കലണ്ടറില്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. വിദേശങ്ങളില്‍ നിന്നുള്ള വന്‍കിട ഇടപാടുകാര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിയുന്നതും ടൂറിസം സീസണായ ഇക്കാലയളവിലായിരുന്നു.
എന്നാല്‍, കയറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഐസക്കിന് ഈ രംഗത്തെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടെന്നും അതനുസരിച്ചുള്ള മാറ്റങ്ങളാണ് നടത്തുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കൊട്ടിഘോഷിച്ച് കോടികള്‍ ചെലവഴിച്ച് നടത്തുന്ന ‘കയര്‍ കേരള’യുടെ വരവ് ചെലവ് കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ലാത്ത ദുരവസ്ഥയുമുണ്ട്. കയര്‍ ഫെസ്റ്റിലൂടെ ലഭിക്കുന്ന ആഭ്യന്തര, വിദേശ ഓര്‍ഡറുകള്‍ എത്രയെന്ന് സംഘാടകര്‍ക്ക് യാതൊരു വിവരവുമില്ല.
















