കോട്ടയം: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അതിക്രമം തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എംപി. ഹോട്ടല്‍ ഐഡയില്‍ ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനവും ഭൗതിക, സാമ്പത്തിക വികസനത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കേരളം കൊലപാതകങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു, ഏഴു മാസത്തെ ഭരണത്തിനിടയില്‍ 10 ദിവസമാണ് ഹര്‍ത്താല്‍ നടന്നത്.
1978നു ശേഷമുള്ള ശക്തമായ തീരുമാനമാണ് നോട്ട് അസാധുവാക്കല്‍. 2ജി കള്ളപ്പണം കൈവശമുളള കോണ്‍ഗ്രസും ശാരദാ ചിട്ടി ഫണ്ട് ഇടപാടില്‍ ആരോപണ വിധേയയായ മമതയുമാണ് ഈ നടപടിയെ എതിര്‍ക്കുന്നത്. നോട്ട് അസാധുവാക്കല്‍ ഭീകരവാദത്തെ തളര്‍ത്തി. കള്ളപ്പണത്തിന്റെ ലഭ്യത ഇല്ലാതായതോടെ 700ഓളം നക്‌സൈലറ്റുകള്‍ കീഴടങ്ങി. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 50 ശതമാനം കുറവുണ്ടായി.
കള്ളപ്പണത്തിന്റെ സ്രോതസ് തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളിലൂടെ സാമ്പത്തികമേഖലയില്‍ വന്നിരിക്കുന്ന മുന്നേറ്റം പ്രകടമാക്കുന്ന അടുത്ത ബജറ്റ് ചരിത്രപരമായിരിക്കും. സാമ്പത്തിക ഭീകരവാദത്തിനെതിരെയുളള സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു നോട്ട് നിരോധനം. 100 കോടിയേലേറെ പേര്‍ പുതുതായി നികുതി ഘടനയിലേക്ക് എത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റമാരായ ഒ. രാജഗോപാല്‍ എംഎല്‍എ, കെ.വി. ശ്രീധരന്‍മാസ്റ്റര്‍, സി.കെ. പത്മനാഭന്‍. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സ്വാഗതവും മധ്യമേഖല പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
















