കോട്ടയത്ത് ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ നടന്ന ബിജെപി സംസ്ഥാന സമിതി യോഗം നളിന്‍കുമാര്‍ കട്ടീല്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ, ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, മുന്‍ പ്രസിഡന്റുമാരായ വി. മുരളീധരന്‍, പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സമീപം.
കോട്ടയം: കേരളത്തില്‍ നടക്കുന്ന ചെറുതും വലുതുമായ ഭൂസമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമായെന്ന് പാര്‍ട്ടി സംസ്ഥാന സമിതി വിലയിരുത്തി. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോഗ തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കേരളത്തിലെ ഭൂസമരങ്ങള്‍ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും മൂന്നു ലക്ഷം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരായുണ്ടെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഭൂ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സമരങ്ങള്‍ അട്ടിമറിക്കാനാണ് ഇടതു മുന്നണിയും സര്‍ക്കാരും ശ്രമിക്കുന്നത്.
കേരളത്തിലെ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ഇരു മുന്നണികളും ഗൂഢാലോചന നടത്തി. മുന്‍ഗണനാ പട്ടിക തയാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആറ് തവണ കാലാവധി നീട്ടിക്കൊടുത്തു. കുറ്റമറ്റനിലയില്‍ പട്ടിക നല്‍കാന്‍ സംസ്ഥാനം തയാറായില്ല. കരിഞ്ചന്തക്കാരെയും ഇടനിലക്കാരേയും സംരക്ഷിക്കാനാണ് സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാത്തത്. ഇത് ഭരണഘടനാ ലംഘനമാണ്. ഭക്ഷണം അവകാശമായി മാറുകയാണ്. ജനങ്ങളുടെ അന്നത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ബിജെപി ഒപ്പമുണ്ടാകും. പട്ടിണി സമരത്തിന് നേതൃത്വം നല്‍കും.
പാലക്കാട്ട് ഒരു കുടുംബത്തെ ചുട്ടുകൊന്നതിന്റെ തീ അണയുന്നതിന് മുന്‍പ് പിണറായി വിജയന്‍ സഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നത് പരിഹാസ്യമാണ്. കലോത്സവ വേദിയില്‍ പിണറായി സംസാരിക്കേണ്ടത് സ്വന്തം പാര്‍ട്ടിക്കാരുടെ അസഹിഷ്ണുതയെപ്പറ്റിയാണ്. സിപിഎം നേതാവില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയിലേക്ക് ഇനിയും പിണറായി വിജയന്‍ വളര്‍ന്നിട്ടില്ല. സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം തുറന്നു കാട്ടാന്‍ ദേശീയ തലത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ വന്നശേഷം 400 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആദിവാസി സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട 34 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് സിപിഎമ്മാണെന്നത് ആശങ്കാജനകവും അപകടകരവുമാണ്. ഈ വിഷയങ്ങളില്‍ കേരളത്തിന്റെ സാംസ്‌കാരിക സമൂഹം മൗനം പാലിക്കുകയാണെന്ന് എം.ടി. രമേശ് ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരിയും ഒപ്പമുണ്ടായിരുന്നു.
















