പത്തനംതിട്ട: ഗവി ഭൂമി സമരസമിതിയുടെ നേതൃത്വത്തില്‍ 20ന് പത്തനംതിട്ടയില്‍ നടത്തുന്ന ദിനരാത്രസമരത്തില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനുവും അരിപ്പ ഭൂസമര നായകന്‍ ശ്രീരാമന്‍ കൊയ്യോനും സംബന്ധിക്കും.
‘ഭൂമി അനുവദിക്കുക – ജീവിക്കാന്‍ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായാണ് 24 മണിക്കൂര്‍ ദിനരാത്രസമരം. മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ 20ന് രാവിലെ 11 മണി മുതല്‍ 21 രാവിലെ 11 മണി വരെയാണ് സമരം. രാവിലെ നൂറുകണക്കിന് സ്ത്രീകളടക്കമുള്ള വനവാസികളും തോട്ടം തൊഴിലാളി കുടുംബങ്ങളും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഭൂരഹിതരായ ഗവി നിവാസികള്‍ക്ക് ഭൂമി അനുവദിക്കുക, കേരളാ ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുള്ള തൊഴില്‍നിഷേധം അവസാനിപ്പിക്കുക, വനവാസി കുടുംബങ്ങള്‍ക്ക് ഭൂമി, വീട്, ഭക്ഷണം, വൈദ്യസഹായം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍ ഇവ ഉറപ്പാക്കുക. ഗവി നിവാസികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക തുടങ്ങിയ 14 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ദിനരാത്ര സമരത്തിനു ശേഷം ഗവി കേന്ദ്രീകരിച്ചും ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ചും തുടര്‍ സമരങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെന്ന് ജനറല്‍കണ്‍വീനര്‍ ഷാജി ആര്‍.നായര്‍, കണ്‍വീനര്‍മാരായ പി.വി.ബോസ്,പി.ആര്‍.ഷാജി, കെ.കെ.ബാബു, ജയകൃഷ്ണന്‍ മൈലപ്ര എന്നിവര്‍ അറിയിച്ചു.
















