ന്യൂദല്‍ഹി: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമാക്കുന്നവര്‍ ഖാദി മേഖലയിലുണ്ടായ വളര്‍ച്ച അവഗണിക്കുന്നു. ഖാദി വില്‍പ്പനയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 34 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
35 ശതമാനം വര്‍ദ്ധനവാണ് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ലക്ഷ്യമിട്ടത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും സമയമുണ്ടെന്നിരിക്കെ വര്‍ദ്ധനവ് കണക്കുകൂട്ടിയതിനും അപ്പുറമാകും. 1996 മുതല്‍ 2016 വരെ കോണ്‍ഗ്രസ് ഭരണത്തിലുള്‍പ്പെടെ എട്ട് തവണ ഗാന്ധിജിയുടെ ചിത്രമില്ലാതെ കലണ്ടര്‍ പുറത്തിറങ്ങിയതും വിവാദ വ്യവസായികള്‍ മറച്ചുവെക്കുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2015-16ല്‍ ഖാദി വില്‍പ്പന 29 ശതമാനവും വര്‍ദ്ധിച്ചു. 1,510 കോടി രൂപയുടെ ഖാദി ഉത്പന്നങ്ങളാണ് വിറ്റത്. 2014-15ല്‍ 8.6 ശതമാനമായിരുന്നു വളര്‍ച്ച. യുപിഎ ഭരണത്തിന്റെ അവസാന കാലത്ത് 2013-14 സാമ്പത്തിക വര്‍ഷം ആറ് ശതമാനം മാത്രമായിരുന്നു വളര്‍ച്ച. 2014-15ല്‍ 1,170 കോടിയും 2013-14ല്‍ 811 കോടിയും ആയിരുന്നു വില്‍പ്പന. 2018ല്‍ അയ്യായിരം കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ വി.കെ. സക്‌സേന പറയുന്നു. ഓണ്‍ലൈന്‍ കച്ചവടം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.
ഗാന്ധിയുടെയും ഖാദിയുടെയും കുത്തക അവകാശപ്പെടുന്ന വ്യാജ ഗാന്ധിമാരുടെ ഭരണത്തില്‍ ഖാദി വ്യവസായം തളര്‍ച്ച നേരിട്ടു. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ താത്പര്യമാണ് ഇപ്പോഴത്തെ നേട്ടത്തിന് പിന്നില്‍. അധികാരത്തിലെത്തിയ ഉടന്‍ ഖാദി വാരാഘോഷം പ്രഖ്യാപിച്ച മോദി റെയില്‍വേക്കുള്ള തുണികളില്‍ 30 ശതമാനം ഖാദി വാങ്ങുന്നതിനും തീരുമാനിച്ചു. മന്‍ കീ ബാത്ത് പ്രതിമാസ റേഡിയോ പരിപാടിയിയിലും ഖാദി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 18ന് ലുധിയാനയിലെ റാലിയില്‍ ‘ഖാദി ഫോര്‍ നാഷന്‍ ഖാദി ഫോര്‍ ഫാഷന്‍’ എന്ന മുദ്രാവാക്യവുമായാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നുള്ള ഞായറാഴ്ച ദല്‍ഹി കൊണാട്ട് പ്ലേസിലെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ വില്‍പ്പന ശാലയില്‍ മാത്രം നാല് മടങ്ങ് വര്‍ദ്ധനവുണ്ടായി. 1.08 കോടിയുടെ റെക്കോര്‍ഡ് കച്ചവടമാണ് നടന്നത്. ഗാന്ധി ജയന്തി ദിനത്തിലെ 82.5 ലക്ഷത്തിന്റെ വില്‍പ്പനയാണ് അന്ന് മറികടന്നത്.
കോണ്‍ഗ്രസ്സിന് മോദി ഫോബിയ
ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന് മോദി ഫോബിയ ബാധിച്ചതാണ് വിവാദത്തിന് പിന്നിലെന്ന് ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ്മ പ്രതികരിച്ചു. അവര്‍ പ്രധാനമന്ത്രിയെ വെറുക്കുന്നു. ഖാദിയിലൂടെയും സ്വഛ് ഭാരതിലൂടെയും മോദി ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യം കൊള്ളയടിക്കാനാണ് രാഷ്‌ട്രപിതാവിന്റെ പേര് ഉപയോഗിച്ചത്.
ഗാന്ധിജിയെ രാഷ്‌ട്രീയ നേട്ടത്തിനായാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈനും വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ ഗാന്ധിജിയുടെ ഫോട്ടോ ഇല്ലാതിരുന്നത് എന്തുകൊണ്ടാണ് വിവാദമാക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
















