ന്യൂദല്‍ഹി: എയറിന്ത്യക്കു വേണ്ടി 225 കോടിയുടെ സോഫ്റ്റ്‌വെയര്‍ വാങ്ങിയതിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തു. 2011ലാണ് അഴിമതി നടന്നത്. എയറിന്ത്യാ ഉദ്യോഗസ്ഥര്‍, ജര്‍മ്മന്‍ സ്ഥാപനമായ എസ്എപി എജി, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍( ഐബിഎം) എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ( സിവിസി) നിര്‍ദ്ദേശ പ്രകാരമാണിത്. ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്ന നിലപാടിലാണ് സിവിസി.സ്വകാര്യ എയര്‍ലൈനുകളേക്കാള്‍ കൂടിയ തുകയ്‌ക്കാണ് എയറിന്ത്യ ഈ സോഫ്റ്റ് വെയര്‍ വാങ്ങിയത്. കരാര്‍ ഉറപ്പിച്ചതില്‍ ഉദ്യോഗസ്ഥരുടെ ലക്ഷ്യം ശുദ്ധമല്ല. അതില്‍ കുഴപ്പങ്ങളുമുണ്ട്. അന്വേഷണം സിബിഐക്ക് വിട്ട് സിവിസി വ്യക്തമാക്കിയിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ കരാര്‍ നല്‍കിയതു വരെയുള്ള മുഴുവന്‍ നടപടികളും പരിശോധിക്കാനാണ് സിബിഐക്ക് നല്‍കിയ നിര്‍ദ്ദേശം.
സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് എയറിന്ത്യാ ചീഫ് വിജിലന്‍സ് ഓഫീസര്‍ കണ്ടെത്തിയിരുന്നു. കരാര്‍ ഉറപ്പിക്കാന്‍ വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല.
ഓറക്കിള്‍ ഉപയോഗത്തിലിരിക്കെ മറ്റൊരെണ്ണം വാങ്ങിയതിന്റെ ആവശ്യകതയും വ്യക്തമായിട്ടില്ല. സിവിസി റിപ്പോര്‍ട്ടില്‍ പറയുന്നു.ഓറക്കിള്‍ പ്രോഗ്രാമിന് കുഴപ്പമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അത് ശരിയാക്കാനോ ഉപയോഗിക്കുന്ന വേര്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്യാനോ ശ്രമിച്ചതായും കാണുന്നില്ല. ഓപ്പണ്‍ ടെണ്ടര്‍ സ്വീകരിച്ചില്ല. കുറിപ്പില്‍ തുടരുന്നു.
















