ന്യൂദല്‍ഹി: നാല് വര്‍ഷത്തിനിടെ രാജ്യത്തെ റോഡപകടങ്ങളില്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ്. ഓരോ പത്ത് മിനിറ്റിലും ഒന്‍പത് അപകടങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. 2011ല്‍ 136,000 പേര്‍ക്കാണ് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍ 2015ല്‍ 148,000 ആയി വര്‍ദ്ധിച്ചു. അപകട മരണങ്ങളില്‍ 43 ശതമാനം റോഡപകടങ്ങളും 15 ശതമാനം റെയില്‍ അപകടവുമാണ്.
2014ല്‍ 450,000 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2015ല്‍ ഇത് മൂന്ന് ശതമാനം ഉയര്‍ന്ന് 464,000ലെത്തി. തമിഴ്‌നാട് (69,059), കര്‍ണാടക (44,011), മഹാരാഷ്‌ട്ര (42,250) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍. 18,407 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശാണ് മരണത്തില്‍ ഒന്നാമത്. കേരളത്തില്‍ 2014ല്‍ 35,872ഉം 2015ല്‍ 39,014ഉം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 8.8 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.
2015ല്‍ 4196 പേര്‍ കൊല്ലപ്പെട്ടു. 43,468 പേര്‍ക്ക് പരിക്കേറ്റു. നഗരങ്ങളില്‍ ചെന്നൈയും ദല്‍ഹിയുമാണ് മുന്നില്‍.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 4.8 ശതമാനമാണ് റോഡ് ഗതാഗതത്തിന്റെ സംഭാവന. അപകടങ്ങളിലൂടെ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ ജിഡിപി നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ലോക ആരോഗ്യ സംഘടനയുടെ റേറ്റിംഗില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നതിലും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിലും പത്തില്‍ നാല് മാര്‍ക്കും സ്പീഡ് നിയന്ത്രിക്കുന്നതില്‍ പത്തില്‍ മൂന്ന് മാര്‍ക്കുമാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്.
ഏറ്റവും അപകടം ഇരുചക്രവാഹനം
റോഡ് അപകടങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇരുചക്രവാഹനങ്ങള്‍. 2015ല്‍ 29 ശതമാനം റോഡപകടങ്ങള്‍ ഇരുചക്ര വാഹനങ്ങളിലേതാണ്. പൊലിഞ്ഞത് 45,540 ജീവനുകള്‍. തമിഴ്‌നാടും (3,668), മഹാരാഷ്‌ട്രയുമാണ് (3,146) മുന്നില്‍.
ട്രക്ക/ ലോറി അപകടത്തില്‍ 28,910 പേരും (19.4 ശതമാനം) കാര്‍ അപകടത്തില്‍ 18,506 പേരും (12.4 ശതമാനം) കൊല്ലപ്പെട്ടു. ബസ് 8.3 ശതമാനവും ത്രീവീലര്‍ 4.7ശതമാനവും ജീവനുകള്‍ അപഹരിച്ചു. ട്രക്ക് അപകടത്തില്‍ മുന്നിലുള്ള ഉത്തര്‍ പ്രദേശില്‍ 5,720 പേര്‍ മരിച്ചു. കാല്‍നടയാത്രക്കാര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് മഹാരാഷ്‌ട്രയിലാണ്.-1,256 പേര്‍. ഇത് ആകെയുള്ളതിന്റെ 17 ശതമാനം വരും.
ദേശീയപാത കുരുതിക്കളം
രാജ്യത്തെ റോഡുകളില്‍ 1.51 ശതമാനമാണ് ദേശീയ പാതകള്‍. 28 ശതമാനം റോഡപകടങ്ങളും 33 ശതമാനം മരണവും ദേശീയ പാതകളിലാണ്. മൂന്ന് ശതമാനം വരുന്ന സംസ്ഥാന പാതകളില്‍ 25 ശതമാനം അപകടങ്ങളും 28 ശതമാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിത വേഗതയും അശ്രദ്ധയും
41 ശതമാനം റോഡപകട മരണത്തിനും കാരണം അമിത വേഗതയാണ്. തമിഴ്‌നാട്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളാണ് മുന്നില്‍. അശ്രദ്ധയോടെ വാഹനമോടിക്കുന്നത് 32 ശതമാനവും മൂടല്‍മഞ്ഞും മറ്റ് കാലാവസ്ഥ പ്രശ്‌നങ്ങളും നാല് ശതമാനവും സാങ്കേതിക തകരാര്‍ മൂന്ന് ശതമാനവും മരണത്തിനിടയാക്കി. അശ്രദ്ധയോടെ വാഹമോടിച്ച് മരിച്ചതില്‍ 17 ശതമാനവും ഉത്തര്‍ പ്രദേശിലാണ്. രണ്ടാമതുള്ള മഹാരാഷ്‌ട്രയില്‍ ഒമ്പത് ശതമാനവും.
















