ന്യൂദല്‍ഹി: പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സര്‍ക്കാര്‍ പ്രസുകളില്‍ നിന്നും ആര്‍ബിഐയില്‍ നിന്നും കെട്ടുപോലും പൊട്ടിക്കാതെ കള്ളനോട്ട് മാഫിയകള്‍ക്ക് ലഭിച്ചതായി സംശയം. ആദായ നികുതി വകുപ്പും രഹസ്യാന്വേഷണ ഏജന്‍സികളും വിപുലമായ അന്വേഷണം തുടങ്ങി.
ഡിസംബര്‍ അവസാനം ദല്‍ഹിയില്‍ കൃത്യമായി പാക്ക് ചെയ്ത 20 ലക്ഷം രൂപയുടെ പുതിയ രണ്ടായിരത്തിന്റെ കറന്‍സികള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. പാക്കറ്റില്‍ ബംഗാളിലെയും മഹാരാഷ്‌ട്രയിലെയും സര്‍ക്കാര്‍ പ്രസുകളുടെ സീലുകളുമുണ്ടായിരുന്നു. കൊറിയര്‍ ഏജന്റെന്ന് കരുതുന്ന കൃഷ്ണകുമാറാണ് ഗ്രേറ്റര്‍ കൈലാസില്‍ നിന്ന് പിടിയിലായത്. ഇയാള്‍ ഇടനിലക്കാരന്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വലിയ റാക്കറ്റാണ് പിന്നിലെന്നാണ് സൂചന.
പ്രസില്‍ നിന്നാണോ ആര്‍ബിഐയില്‍ നിന്നാണോ ഇവ ചോര്‍ന്നതെന്ന് കണ്ടെത്താനാണ് ശ്രമം. നാസിക്കിലെ സര്‍ക്കാര്‍ പ്രസിന്റെയും ബംഗാളിലെ ആര്‍ബിഐ പ്രസിന്റെയും മുദ്രകളാണ് പാക്കറ്റുകളില്‍ ഉണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം രണ്ടു പ്രസുകളിലും 520 ലക്ഷം നോട്ടുകള്‍ വീതമാണ് നിത്യേന അച്ചടിച്ചിരുന്നത്. 1000 നോട്ടുകള്‍ വീതമടങ്ങിയ പാക്കറ്റുകള്‍ ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുകളിലേക്കാണ് അയക്കുക.
അവിടെ നിന്ന് നൂറെണ്ണം വീതമടങ്ങിയ കെട്ടുകളാക്കി ബാങ്കുകള്‍ക്ക് വിതരണം ചെയ്യും. ഈ നടപടിക്ക് മുന്‍പാണ് നോട്ടുകള്‍ കള്ളപ്പണക്കാര്‍ക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍.
















