നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ധനുമാസ മഹോത്സവത്തിന്‍െ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന തേരോട്ടത്തിനുള്ള മുന്‍ഒരുക്കങ്ങള്‍ നടത്തുകയായിരുന്ന കണ്ണന്‍,ശിവന്‍പിള്ള എന്നീ ജീവനക്കാരെയാണ് എസ്‌ഐ വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ദിച്ചത്. തേരിനു സമീപത്ത് നിറുത്തിയിട്ടിരുന്ന പോലീസ് ജീപ്പ് മാറ്റി നിറുത്താന്‍ ജീവനക്കാര്‍ പറഞ്ഞതാണ് കാരണം. ഉത്സവത്തിന്റെ രണ്ടാം ദിവസം കലാപരിപാടികള്‍ നടത്തുവാനുള്ള നീക്കവും പോലീസ് നേരത്തെ തടഞ്ഞിരുന്നു. കോടതി ഉത്തരവിന്റെ പേരുപറഞ്ഞ് ജില്ലയൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ അടുത്ത കാലത്തായി പോലീസ് ഉത്സവം മുടക്കല്‍ പതിവാക്കിയിരിക്കുകയാണ്.
ജിവനക്കാരെ മര്‍ദ്ദിച്ച നടപടിക്കെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്‍.ഗാന്ധിയുടെ നേതൃത്വത്തില്‍ ഹൈന്ദവസംഘടാന നേതാക്കള്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് ആര്‍ഡിഒ രാജ്കുമാര്‍, ഡിവെഎസ്പിമാരായ വേണുഗോപാല്‍, രത്‌നവേല്‍ തുടങ്ങിയവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. പരിക്കേറ്റ ജീവനക്കാരെ ആശാരിപ്പള്ളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















