ശബരിമല: ദൈവസൃഷ്ടികളായ വാവരും അയ്യപ്പനും പരസ്പര വിശ്വാസത്തിലൂടെ ലോകത്തിന് കാട്ടിത്തന്നത് മഹത്തരമായ സമഭാവനയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കാതെ പരസ്പരം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യാനുള്ള പ്രചോദനമാണ് ഇതിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. എല്ലാവരെയും പ്രപഞ്ചം സൃഷ്ടിച്ചത് മനുഷ്യനായാണ്. ജനിച്ചുവീഴുമ്പോള്‍ ജാതിയോ മതവമോ ഇല്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്.
ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ക്ക് അതീതമായ മാനുഷിക ബന്ധത്തെയാണ് ശബരിമലയില്‍ കാണാന്‍ കഴിയുന്നത്. അയ്യപ്പനെ ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ വാവര് സ്വാമിയെയും ദര്‍ശിക്കുന്നു. സകലരെയും സ്വാമിയായി കണ്ട് സകലതിനെയും ഭക്ത്യാദരപൂര്‍വ്വം കാണാനുള്ള മാനസിക പരിവര്‍ത്തനത്തിലൂടെയാണ് ഭക്തര്‍ മലയിറങ്ങുന്നത്. നാം ഒന്നാണ് നമ്മള് ഒന്നാണ് എന്ന ഭാവമാണ് വാവരുടെ പിന്‍ഗാമികള്‍ മുന്നോട്ടുവച്ചത്.
കേരളത്തിന്റെ മതസൗഹാര്‍ദ്ദ ഭൂപടത്തില്‍ വലിയ സ്ഥാനമാണു വാവര്‍ക്കും അയ്യപ്പനുമുള്ളത്. വാവര് കുടുംബത്തിന്റെ പിന്‍ഗാമികളായ വായ്പൂരിലുള്ള വെട്ടില്ലാക്കല് കുടംബയോഗമാണ് വാവര്നടയിലെ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കാണ് ഇതിനുള്ള അവകാശം. ഇളം തലമുറയില്‍പെട്ട അംഗങ്ങളാണ് ഇവിടെ പരികര്മികളായി എത്തുന്നത്.
അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്ക്കുന്ന വാവരുടെ പള്ളിയില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ‘ബാവര് മാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന് വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.
കുരുമുളകാണ് വാവര് പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീര്, നെയ്യ്, നാളികേരം, എന്നിവയാണ് ഇവിടെയുള്ള വഴിപാടുകള്‍. എരുമേലിയിലും വാവര് പള്ളിയുണ്ട്.
















