പണത്തിന്റെ നിയന്ത്രിത നിര്‍വചനത്തില്‍ നാണയങ്ങളും കറന്‍സിനോട്ടുകളും മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. അതായത് എവിടെയും എപ്പോഴും എന്തിനും ഉടനടി മാധ്യമമായി ഉപയോഗപ്പെടുത്താവുന്നത്, അഥവാ ദ്രവാവസ്ഥയുള്ളത്, അതാണ് പണം.
നവംബര്‍ എട്ടിന് ഉയര്‍ന്നമൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുക വഴി ഇന്ത്യന്‍ സമ്പദ്ഘടനയിലുണ്ടായിരുന്ന 86 ശതമാനം പണം അഥവാ വിനിമയ മാധ്യമമാണ് പിന്‍വലിക്കപ്പെട്ടത്. അസാധു നോട്ടുകള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് സാധുനോട്ടുകള് തിരിച്ചൊഴുകിയെത്തും എന്നും ധരിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് പണരഹിത സമ്പദ് ഘടനയിലേയ്ക്കുള്ള പ്രയാണം പ്രധാനമന്ത്രി മുമ്പോട്ടു വച്ചത്. 78 ശതമാനത്തോളം പണസമ്പദ്ഘടന നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇത് ക്ഷിപ്ര സാദ്ധ്യമോ എന്ന ചോദ്യമുയര്‍ന്നു. തന്നെയുമല്ല പണം സമ്പദ്ഘടനയെ ചലനാത്മകമാക്കുന്ന എണ്ണ (lubricant) അഥവാ മാധ്യമമാണ്. എണ്ണ പെട്ടെന്നു വറ്റിയാലെന്നപോലെ സമ്പദ്ഘടന ഇടിച്ചുനില്ക്കുമെന്ന പ്രതീതി ജനിപ്പിക്കുന്നതാണ് സെന്റര്‍ ഫോര്‍ മോണിറ്ററിം ഗ് ഇന്ത്യന്‍ ഇക്കോണമിപോലുള്ള വിശ്വസനീയ കേന്ദ്രങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍.
ഇന്ത്യയിലാകെ തൊഴിലില്ലായ്മ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വര്‍ദ്ധിച്ചു, പ്രതേ്യകിച്ചു ഗ്രാമങ്ങളില്‍. ഉപഭോക്തൃമേഖല മാന്ദ്യത്തിലായി. ഇതിന്റെ ചുവടുപിടിച്ച് നാമമാത്ര, ചെറുകിട വ്യാപാര വ്യവസായ മേഖലകളും മാന്ദ്യത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. ഹ്രസ്വകാല മാന്ദ്യം എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ 50 ദിവസം പിന്നിടുമ്പോഴും പണം വേണ്ടത്ര തിരിച്ചെത്തുന്നില്ല, മുരടിപ്പും മാന്ദ്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഹ്രസ്വകാലത്തില്‍ ഒതുങ്ങേണ്ട പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് സംക്രമിക്കുമോ എന്ന ഭയം വിവിധമേഖലകളെ അലട്ടുമ്പോഴാണ് പ്രധാനമന്ത്രി വര്‍ഷാവസാന പ്രഖ്യാപനവുമായിട്ടെത്തുന്നത്.
നോട്ടുപിന്‍വലിക്കല്‍ ഒരു ചരിത്രദൗത്യമായിരുന്നെന്നു സമര്‍ത്ഥിച്ച പ്രധാനമന്ത്രി, ആ ശുചീകരണ പ്രക്രിയയില്‍ നഷ്ടവും കഷ്ടവും സഹിച്ചും തന്നോടൊപ്പം നിന്ന ജനങ്ങളെ അനുമോദിക്കാനും അവരോട് നേരിട്ട ദുരിതങ്ങളുടെ പേരില്‍ മാപ്പു ചോദിക്കാനും തയ്യാറായി. ബാങ്കിംഗ് മേഖല പുതുവര്‍ഷത്തില്‍ പഴയ സ്ഥിതയിലേയ്ക്ക് തിരിച്ചെത്തുമെന്നുമാത്രം പ്രഖ്യാപിച്ചുകൊണ്ട് കറന്‍സി പ്രശ്നത്തില്‍നിന്ന് വഴുതിമാറിയ പ്രധാനമന്ത്രി മാന്ദ്യം മറികടക്കാനുള്ള നടപടികളാണ് പ്രഖ്യാപിച്ചത്. മാന്ദ്യവിരുദ്ധ പാക്കേജില്‍ കൃഷിക്കും താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ഭവന പദ്ധതിക്കുമാണ് ഊന്നല്‍ നല്കിയതും.
നബാര്‍ഡിന് 20,000 കോടി നല്കി ജില്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി കര്‍ഷകരിലെത്തിക്കുകയാണ് ലക്ഷ്യം. കര്‍ഷകരുടെ കൈകളിലുള്ള 3 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാറ്റി റുപെ കാര്‍ഡ് നല്‍കും. റൂപേ കാര്‍ഡ് കറന്‍സിക്കു പകരമുള്ള പ്ലാസ്റ്റിക് മണിയാണ്. ഇത് കര്‍ഷകര്‍ക്ക് യഥേഷ്ടം എവിടെയും ഉപയോഗിക്കാം. ഈ നടപടിവഴി കര്‍ഷകരെ ഡിജിറ്റര്‍ ഇന്ത്യയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായ ചുവടുവയ്പാണുണ്ടായത്. കൂടാതെ കാര്‍ഷികവായ്പയുടെ രണ്ടുമാസത്തെ പലിശ ഗവണ്മെന്റ് നല്‍കുമെന്നും അറിയിച്ചു.
കഴിഞ്ഞ ബജറ്റില്‍ 20,000 കോടിരൂപ നല്കി നബാര്‍ഡിനെ ശക്തിപ്പെടുത്തിയിരുന്നു. പക്ഷേ, ഏതു സംസ്ഥാനത്തായാലും നബാര്‍ഡും പ്രാഥമിക സഹകരണ സംഘങ്ങളും കാര്‍ഷികവായ്പ കാര്ഷികേതരാവശ്യങ്ങള്ക്കു നല്‍കുന്നുവെന്ന പരാതിയുണ്ട്. പലിശ ഇളവ്, വായ്പാ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നതും ഇക്കൂട്ടര്‍തന്നെ. ഈ പ്രശ്നം അടിയന്തരമായി പരിഹരിച്ചാലെ കാര്‍ഷികമേഖല രക്ഷപ്പെടൂ. പക്ഷേ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവുകയില്ല. അതാതു സംസ്ഥാന ഗവണ്മെന്റുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് കാര്‍ഷികവായ്പ യഥാര്‍ത്ഥ കര്ഷകരിലെത്തുകയും കൃഷി പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും പലിശ ആശ്വാസം, കടാശ്വാസം എന്നിവ ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കര്ഷകരിലെത്തിക്കേണ്ടതും.
റിയല്‍ എസ്റ്റേറ്റ് മേഖല ഇന്ത്യയിലാകെ മാന്ദ്യത്തിലാണ്. എന്നാല്‍ കേരളത്തിലേപ്പോലെ നഗര കേന്ദ്രീകൃതമായ പണക്കാര്‍ക്കുവേണ്ടിയുള്ള ഭവന/റിയല്‍ എസ്റ്റേറ്റ് മേഖലയല്ല പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. അതിന് കടിഞ്ഞാണിടാനും സാധാരണക്കാരന് പാര്‍പ്പിട പരിഹാരം കാണാനുമാണ് പണം അസാധുവാക്കല്‍ നടപ്പിലാക്കിയത്. മാന്ദ്യം മറികടക്കാന്‍ ഭവനനിര്മ്മാണമേഖലയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍ പലതുണ്ട്. എന്നാല്‍ അവ സാധാരണക്കാരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ചെലവുകുറഞ്ഞ ഭവനപദ്ധതിക്കാണെന്നുമാത്രം.
2022 ആകുമ്പോഴേയ്ക്ക് എല്ലാവര്ക്കും വീട് എന്ന കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തോട് കൂട്ടിവായിക്കാം ഇത്. 12 ലക്ഷംവരെ വായ്പയെടുക്കുന്ന ഭവനപദ്ധതിക്ക് 3 ശതമാനം പലിശ ഇളവ് ലഭിക്കുമ്പോള്‍ 9 ലക്ഷം വായ്പയെടുക്കുന്നവയ്ക്ക് 4 ശതമാനം പലിശ ഇളവുനല്‍കുന്നു. ഭവനങ്ങളുടെ അറ്റകുറ്റപണിക്കായി 2 ലക്ഷം വരെ വായ്പയെടുക്കുന്നവര്‍ക്കും 3 ശതമാനം പലിശയിളവുണ്ട്. ഈ പദ്ധതിയെ പരിഹസിച്ചു തള്ളാനല്ല, പാര്‍പ്പിട പ്രശ്നം സത്വരമായി പരിഹരിക്കാനാണ് ദരിദ്രപക്ഷത്തെന്നവകാശപ്പെടുന്ന സംസ്ഥാനങ്ങള്‍ വായ്ത്താരി നിര്‍ത്തി പ്രവര്‍ത്തിച്ചു കാണിക്കേണ്ടത്.
നാമമാത്ര-ചെറുകിട-ഇടത്തരം വ്യാപാര വ്യവസായ മേഖലയിലെ ഇടിവ് പ്രധാനമന്ത്രി കാണാതിരുന്നില്ല. ഇതുവരെ സര്‍ക്കാര്‍ ഗ്യാരന്റിയൊടെ കിട്ടിയിരുന്ന വായ്പ ഒരു കോടി ആയിരുന്നത് 2 കോടിയാക്കി ഉയര്‍ത്തി. ഇത് ഈ രംഗത്തിന് ഉണര്‍വേകും. ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഈ മേഖലകള്‍ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറാണ്. പാവപ്പെട്ട വനിതകള്‍ക്ക് ഗര്‍ഭകാല ശുശ്രൂഷകള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 4000 രൂപ നിലനിര്‍ത്തിയിരുന്നത് 6000 ആക്കി ഉയര്‍ത്തി. ഇത് പക്ഷേ 2013ലെ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അവിഭാജ്യഘടകമാണ്. അതുകൊണ്ടുമാത്രം കുറച്ചുകാണേണ്ടതില്ല. ഇന്ത്യയിലാകെ ജനിക്കുന്ന കുട്ടികളില്‍ 52 ശതമാനം പോഷകാഹാര ദാരിദ്ര്യമുള്ളവരാണ്.
മുതിര്‍ന്ന പൗരന്മാര്ക്കുമുണ്ട് തലോടല്‍. അവരുടെ ഏഴര ലക്ഷംവരെയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പത്തുവര്‍ഷത്തേയ്ക്ക് 8 ശതമാനം പലിശ ഉറപ്പാക്കിയിരിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ”ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നുമൊക്കെ പറയുന്നത് ദിശാസൂചകങ്ങളായി കണക്കാക്കാം. തെരഞ്ഞെടുപ്പുകളാണ് കള്ളപ്പണം കുമിയുന്നവേളയെന്ന് പ്രധാനമന്ത്രി മനസ്സിലാക്കിയിരിക്കുന്നു. സംസ്ഥാന-കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ ചെലവുകുറഞ്ഞരീതിയില്‍ ഒന്നിച്ച് നടത്താനുള്ള നിയമനിര്‍മ്മാണം നടത്തുന്നത് ജനാധിപത്യത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ സഹായകമാണ്, ഒപ്പം ചെലവുനിയന്ത്രണവും.
പ്രധാനമന്ത്രി റുപേ കാര്‍ഡിലൂടെ കാര്‍ഷികമേഖലയെ പണപ്രധാന്യം കുറഞ്ഞ സമ്പദ്ഘടനയിലേക്ക് കൈപിടിച്ചു നടത്തുമ്പോള്‍ ഒരുകാര്യം നാം മനസ്സിലാക്കണം. സമ്പദ്ഘടനയില്‍നിന്ന് തിരിച്ചെടുത്തിടത്തോളം പണം സമ്പദ്ഘടനയിലേക്ക് തിരിച്ചുവരികയില്ല. അതായത് എല്ലാ മേഖലകളിലും(കൃഷിയടക്കം) പണരഹിത സമ്പദ്ഘടനയിലേക്ക് ഒരു പ്രയാണം. ഗതിവേഗം കൂട്ടി തുടങ്ങേണ്ടിയിരിക്കുന്നു. പണത്തിന്റെ തിരിച്ചൊഴുക്കും ഡിജിറ്റല്‍ വ്യവസ്ഥയിലേക്കുള്ള പ്രയാണവും കൂട്ടിമുട്ടുന്നിടത്തായിരിക്കും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമായ സന്തുലിതാവസ്ഥ. ഇവിടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശകലനവിധേയമാക്കേണ്ടതുണ്ട്. ഒന്ന് സൈബര്‍ സുരക്ഷിതത്വം.
ഇലക്ട്രോണിക് ബാങ്കിംഗ് റെഗുലേറ്ററി അതോറിറ്റി വഴി സൈബര്‍ സുരക്ഷ നൂറുശതമാനം എന്നുറപ്പ് പറയുന്ന അമേരിക്കപോലുള്ള 80 ശതമാനം കാഷ്ലെസ് ആയ അമേരിക്കന്‍ സമ്പദ്ഘടനയില്പോലും ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണസുരക്ഷിതമല്ല എന്നതിന് തെളിവുകള്‍ ധാരാളം. തന്മൂലം ഇന്ത്യയില്‍ വികസിച്ചെടുക്കുന്ന ഡിജിറ്റല്‍ ടെര്‍മിനലുകള്‍ സൈബര്‍ സെക്യൂരിറ്റി ഉറപ്പുവരുത്തുന്നു എന്നു വന്നാലേ ജനം ഈ മാറ്റത്തിനു സ്വമേധയാ തയ്യാറാവൂ. അപ്പോള്‍ ഡിജിറ്റല്‍ ടെര്‍മിനലുകള്‍ സുരക്ഷിതമാക്കത്തക്കരീതിയില് ആധാര്‍, ഡിബിറ്റി തുടങ്ങിയവയുടെ പ്രയോജനം ലഭ്യമാക്കണം.
ഡിജിറ്റല്‍ പ്രയാണത്തെ എതിര്‍ക്കുന്നവര്‍പോലും മനസ്സിലാക്കേണ്ട ഒന്ന് ഇന്ത്യ ചരക്കുസേവനനികുതി (ജിഎസ്ടി)യിലേക്ക് 2017ല്‍ തിരിയുമ്പോള്‍ ഈ ഡിജിറ്റല്‍ സംവിധാനം അതിന്റെ കാര്യക്ഷമതയും അഴിമതി രാഹിത്യവും ഉറപ്പുവരുത്താന്‍ വളരെ പ്രയോജനം ചെയ്യും. നികുതി, നികുതിയേതര വരുമാനത്തിന്റെ പിരിവ് രംഗത്തുനിന്ന് അഴിമതി തുടച്ചുനീക്കുന്നതിന് സമ്പദ്ഘടന എത്ര കണ്ട് ഡിജിറ്റലാണോ അത്രകണ്ട് സഹയകമാവും. തന്മൂലം ഈ മാറ്റം സാധ്യമായാല്‍ ഇപ്പോള്‍ എതിര്‍ക്കുന്നവരും ഈ മാറ്റത്തിന്റെ മഹത്വം ഉള്ക്കെണ്ടേ മതിയാവൂ എന്ന അവസ്ഥയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: