കുന്നത്തൂര്‍: സിപിഎമ്മുകാര്‍ ചര്‍ച്ചയുടെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം കൊലപാതക രാഷ്‌ട്രീയമാണെന്നും ബിജെപി ദേശീയനിര്‍വാഹക സമിതിഅംഗം ടി.ഒ.നൗഷാദ്. കുന്നത്തൂരില്‍ ബിജെപി സംഘടിപ്പിച്ച അക്രമവിരുദ്ധ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനം മൈക്കിലും ചാനലുകളിലും പറയുന്നതല്ലാതെ അണികളെ നിലയ്‌ക്ക് നിര്‍ത്താന്‍ സിപിഎം നേതാക്കള്‍ തയ്യാറല്ല. അധികാരത്തിലെത്തിയ നാള്‍ മുതല്‍ തുടങ്ങിയ ആക്രമണങ്ങള്‍ ഇന്നും അവസാനിക്കുന്നില്ല. ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് മുഖ്യമന്ത്രിയാകുമ്പോള്‍ അതിനെ എന്തും ചെയ്യാനുള്ള ലൈസന്‍സാക്കി മാറ്റുകയാണ് അണികള്‍. സമാധാനം ആഗ്രഹിക്കുന്നവരാണ് ബിജെപിക്കാര്‍. അതേസമയം പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കുണ്ട്. കണ്ണൂരില്‍ മാത്രമായിരുന്നു ഒരുകാലത്ത് സിപിഎം വ്യാപകആക്രമണം നടത്തിയിരുന്നുവെങ്കില്‍ ഇന്ന് അത് സംസ്ഥാനത്ത് മുഴുവനായി. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പി.ജയരാജനാണ്. ജയരാജന്‍ തിരുവനന്തപുരത്ത് തമ്പടിച്ചപ്പോള്‍ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ ജീവന്‍ പൊലിയുകയും നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ആക്രമണങ്ങള്‍ കൊണ്ട് ഇല്ലാതാവുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ജോലി ഇപ്പോള്‍ ബിജെപി പരിപാടികളില്‍ കാമറ പിടിത്തമായെന്നും കാമറയില്‍ പിടിക്കുന്ന കാര്യങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥന്മാരും കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സറ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കുന്നതായും ഇസ്ലാമിക തീവവ്രവാദികളുടെ മറവില്‍ ജില്ലയിലുടനീളം ആക്രമണം നടത്താനുള്ള സിപിഎം ശ്രമം വിലപോകില്ലെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പറഞ്ഞു.
ജെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, ജയചന്ദ്രന്‍ തുരുത്തിക്കര, രാമകൃഷ്ണപിള്ള, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്‍.ബാബുക്കുട്ടന്‍, പഞ്ചായത്തംഗം രേണുക, സുഗതന്‍, പത്മകുമാര്‍, സുബ്രഹ്മണ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പി.എന്‍.മുരളീധരന്‍പിള്ള സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി പ്രകടനവും നടന്നു. വി.എസ്.ജിതിന്‍ദേവ്,ആര്‍. രഞ്ജിത്ത്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
















