പാറശ്ശാല: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ അനുവാദം കൂടാതെ കുഴിയെടുത്തത് ചോദ്യം ചെയ്ത യുവാവിന് നേരെ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ തെറിയഭിഷേകവും ഭീഷണിയും. പാറശാല ബിഎസ്എന്‍എല്‍ സബ് ഡിവിഷനിലെ ജീവനക്കാരന്‍ മോഹന്‍ എന്നയാളാണ് യുവാവിനും കുടുംബത്തിനും നേരെ ഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. രോഗിയായ അമ്മയെ ചികിത്സിക്കുന്നതിലേക്കായി പാറശാല പരശുവയ്‌ക്കല്‍ സ്വദേശിയായ യുവാവ് കാര്‍ വീട്ടിന്റെ മുന്നിലിട്ട് തിരികെ വന്നപ്പോള്‍ കാര്‍ എടുക്കാന്‍ പറ്റാത്ത രീതിയില്‍ കാറിനു മുന്നിലായി കുഴിയാണ് കാണാന്‍ സാധിച്ചത്. ഇത് കണ്ട യുവാവ് കുഴിയെടുത്തവരോട് കാര്യം അന്വേഷിക്കുകയും ആരോട് അനുവാദം വാങ്ങിയിട്ടാണ് കുഴിയെടുക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ യുവാവിനോട് തട്ടിക്കയറുകയും തങ്ങള്‍ക്ക് ആരോടും അനുവാദം വാങ്ങേണ്ട കാര്യമില്ലെന്നും എവിടെ വേണോ ബിഎസ്എന്‍എലിന് കുഴിക്കാനുള്ള അനുവാദമുണ്ടെന്നും പറയുകയായിരുന്നു. തുടര്‍ന്ന് അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നു. ഇത് കണ്ട വീട്ടുകാര്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനോട് മാന്യമായി സംസാരിക്കണം എന്ന് പറഞ്ഞെങ്കിലും ജീവനക്കാരന്‍ സ്ത്രീകളെയും അസഭ്യം പറഞ്ഞു. കൂടാതെ എല്ലാവരെയും കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിന് ജയിലിലാക്കും എന്നും ഇയാള്‍ ഭീഷണി മുഴക്കി.ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഈ നടപടിക്കെതിരെ യുവാവ് ബിഎസ്എന്‍എല്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
















