നെടുമങ്ങാട്: അച്ഛനമ്മമാരെ കാറിടിച്ച് വീഴ്‌ത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാമുകനും മാതാവുമുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കാമുകന്‍ കോലിയക്കോട് സ്വദേശി ആഷിഖ് സൈഫുദ്ദീന്‍ (22), ഇയാളുടെ മാതാവ് സുനിത(38), ബന്ധുക്കളായ ജസീന (34), ഷീല (40)എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവപരമ്പരകള്‍ നടന്നത്. പനവൂര്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് രണ്ടാഴ്ച മുന്‍പ് പ്രതിയായ യുവാവ് തട്ടിക്കൊണ്ടുപോയിരുന്നു. പിതാവ് നല്‍കിയ കേസിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ചു. എന്നാല്‍ പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്തതിനാല്‍ പിന്നീട് ആഷിക് ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ മാസം 16ന് കേസിന്റെ വാദം കേള്‍ക്കാനിരിക്കുകയായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി 10 ഓടെ കാമുകനും ഇയാളുടെ മാതാവും ചെറിയമ്മയും മറ്റൊരു ബന്ധുവും സുഹൃത്തുക്കളുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാവിനെ മര്‍ദ്ദിച്ചു. കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തടഞ്ഞിടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിനെ സംഘം കാറിടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരും ഇവരെ പിന്തുടര്‍ന്നു. വഴിമദ്ധ്യേ ഇന്നോവ കാര്‍ ഉപേക്ഷിച്ച് സ്വിഫ്റ്റ് ഡിസൈര്‍ കാറിലാണ് തുടര്‍ന്ന് സംഘം രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായി വിവരം ലഭിച്ച വട്ടപ്പാറ പോലീസ് വഴിയില്‍ വച്ച് സ്വിഫ്റ്റ് കാറടക്കം പ്രതികളെ പിടികൂടുകയായിരുന്നു. പിന്നാലെത്തിയ ഇരു വിഭാഗക്കാരും പോലീസ് സ്‌റ്റേഷനു മുന്നില്‍ വച്ച് പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ നെടുമങ്ങാട് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിന്റേയും മാതാവിന്റേയും മൊഴിയെ തുടര്‍ന്ന് നാലുപേര്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു. യുവാവ് വെഞ്ഞാറമൂട് സ്‌റ്റേഷനിലടക്കം ഒന്നിലധികം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഒന്നാം പ്രതിയെ റിമാന്റ് ചെയ്തു. കൂട്ടുപ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
















