നാടന്‍പാട്ടിന്റെ ജനകീയത എന്നും കലോത്സവ വേദികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. കൊട്ടും കുരവയും ആട്ടും പാട്ടുമായി കാണികള്‍ നാടന്‍പാട്ടിനൊപ്പം കൂടാറുമുണ്ട്. അതു തന്നെയാണ് ഇന്നലെ നാടന്‍പാട്ട് മത്സരം നടന്ന സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വേദിയിലും കണ്ടത്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗം നാടന്‍പാട്ട് മത്സരങ്ങളാണ് ഇന്നലെ ഈ വേദിയില്‍ അരങ്ങേറിയത്.
ആവേശപ്പൂരം തീര്‍ക്കുകയായിരുന്നു നാടന്‍പാട്ടുവേദി. നാടന്‍പാട്ട് വേദിയിലേക്ക് ആസ്വാദകരുടെ ഒഴുക്കായിരുന്നു.
നാടന്‍പാട്ടുവേദിയില്‍ നിന്നുയര്‍ന്ന വരികള്‍ക്കൊപ്പം പ്രായവ്യത്യാസമില്ലാതെ സദസ്സിലിരുന്ന ഓരോരുത്തരും താളം പിടിച്ചു. രണ്ട് മണിക്കൂര്‍ വൈകി 11.30 കഴിഞ്ഞാണ് നാടന്‍പാട്ട് മത്സരം തുടങ്ങിയത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ താളം പിടിച്ചിരുന്നു. വരിക നല്ല ദൈവമേ പൊലിക എന്നോട്… എന്നുതുടങ്ങുന്ന, മലയസമുദായക്കാര്‍ ഗര്‍ഭരക്ഷക്കായി പാടുന്ന മാരന്‍പാട്ട്, വടക്കേമലബാറിലെ മുക്കുവന്‍മാരുടെ ദൈവപ്രീതിക്കുവേണ്ടിയുള്ള പാട്ട്, സര്‍പ്പദോഷങ്ങളകറ്റാനുള്ള സപ്തവര്‍ണങ്ങളുടെ സത്കഥ ചൊല്ലുന്നേ… എന്നുതുടങ്ങുന്ന പുള്ളുവന്‍പാട്ട് തുടങ്ങിയവയാണ് ആസ്വാദകമനസില്‍ ഓളം തീര്‍ത്തത്.
നാടന്‍പാട്ടിനെ ജനകീയനാക്കിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകളിലായിരുന്നു കാണികളുടെ കൂട്ടം. കലാഭവന്‍ മണിയുടെ മരണത്തിനുശേഷമുള്ള ആദ്യത്തെ കലോത്സവമാണ് നടക്കുന്നത്. 15ലേറെ ടീമുകളാണ് നാടന്‍പാട്ടു മത്സരത്തില്‍ മാറ്റുരച്ചത്. ഓരോ ടീമും ഒന്നിനൊന്ന് മികച്ച നിലവാരം പുലര്‍ത്തി.
















