തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ സിപിഎം പോളിറ്റ്ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. ഇന്ന് റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് വിതരണം ചെയ്യും. വിഎസിനെതിരായ നടപടി സംബന്ധിച്ചു പിബിയില്‍ കടുത്ത ഭിന്നതയുണ്ട്. നാളെയാകും ചര്‍ച്ച.
വിഎസിനെതിരായ പിബി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇനിയെന്ത് എന്നുതന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതായപ്പോള്‍ മറ്റൊരു പദവിക്ക് വാശി പിടിച്ചതിനെത്തുടര്‍ന്നാണ് ഭരണ പരിഷ്‌കരണ സമിതി ചെയര്‍മാനാക്കിയത്. പാര്‍ട്ടി ഘടകത്തില്‍ സ്ഥാനം ലഭിക്കാനായി കത്തു നല്‍കി കാത്തിരിക്കവെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ വിഎസ് കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവാണ്.
കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ് എന്ന പദവി ഒരു ഘടകത്തിലെ അംഗത്വമല്ല. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് പ്രവര്‍ത്തിക്കാന്‍ ഒരു ഘടകമില്ലാതെയാണു നില്‍ക്കുന്നത്. അതുകൊണ്ടു ഘടകം നിശ്ചയിച്ചു നല്‍കണം എന്നതാണു വിഎസിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു മടങ്ങിവരാനും ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പദത്തിനുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടശേഷം ആ ആവശ്യം രേഖാമൂലം തന്നെ ജനറല്‍ സെക്രട്ടറിയോട് ഉന്നയിച്ചതാണ്.
















