ആലപ്പുഴ: മത്സ്യഫെഡില്‍ എംഡിയുടെ നേതൃത്വത്തില്‍ വ്യാപകമായി അനധികൃത നിയമനങ്ങളും സ്ഥലംമാറ്റവും നടക്കുകയാണെന്നും വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നും ചെയര്‍മാന്‍ വി. ദിനകരനും ഭരണസമിതിയംഗം ബാബു ആന്റണിയും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
എംഡി ലോറന്‍സ് ഹെറാള്‍ഡിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ നിയമനങ്ങള്‍ നടത്തുന്നതെന്ന് എംഡി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദിനകരന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലുമാസത്തിനിടെ എട്ട് അനധികൃത നിയമനങ്ങളും പത്തു സ്ഥലംമാറ്റവുമാണ് എംഡി നടത്തിയിട്ടുള്ളത്. ഇതെല്ലാം തന്നെ മന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഡിക്കെതിരെ ഫിഷറീസ് രജിസ്ട്രാര്‍ക്ക് നേരത്തെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സിനെ സമീപിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് ബോണസ്, മണ്ണെണ്ണ സബ്‌സിഡി എന്നിവ നല്‍കാന്‍പോലം മത്സ്യഫെഡിന് നിലവില്‍ കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതാണ് ഇതിനുകാരണം.
സഹകരണ മേഖലയെ സംരക്ഷിക്കാനെന്ന പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ മത്സ്യമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ സ്ഥാപനമായ മത്സ്യഫെഡിനെ തകര്‍ക്കുകയാണെന്നും ദിനകരന്‍ കുറ്റപ്പെടുത്തി.
















