തിരുവനന്തപുരം: ഇഎംഎസ് ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ചരിത്രത്തെ വ്യാഖ്യാനിക്കുകയും ചെയ്ത മഹാരഥനാണെന്നും ഇന്നലെയുടെ വ്യാഖ്യാനത്തെ ഇന്നിലേക്ക് പ്രവഹിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചുവെന്നും ധനകാര്യമന്ത്രി തോമസ് ഐസക്. മീഡിയ അക്കാദമി കനകക്കുന്നില്‍ സംഘടിപ്പിച്ച കാഴ്ചയുടെ രാഷ്‌ട്രീയം എന്ന മാധ്യമ ശില്‍പശാലയും ഇഎംഎസിന്റെ ജീവിതത്തിന്റെയും സംഭാവനകളുടെയും നേര്‍ക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന, മലയാള മനോരമ സജ്ജീകരിച്ച ഫോട്ടോപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഫോട്ടോയെടുത്ത് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രന് മന്ത്രി അനുമോദന ഉപഹാരം സമ്മാനിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മാര്‍ക്കോസ് എബ്രഹാം, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, കെയുഡബ്ല്യജെ. ജില്ലാ പ്രസിഡന്റ് സി. റഹീം, പ്രസ്‌ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
















