കോട്ടയം: മനസ്സില്‍ സത്വഗുണത്തെ ഉയര്‍ത്തി അത് ചിന്തയിലും പ്രവൃത്തിയിലും പ്രതിഫലിപ്പിച്ച് ജീവിതം ധന്യമാക്കുക എന്നതാണ് ആത്മീയതയെന്ന് ഡോ.ഗോപാലകൃഷ്ണന്‍. തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ നടക്കുന്ന നാരായണീയസത്രത്തില്‍ നാലാം ദിവസമായ ഇന്നലെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇതിനു സഹായിക്കാത്ത ഒരു ആചരണവും ജീവിതത്തില്‍ പ്രയോജനപ്പെടില്ല.
മനസ്സ്, ചിന്ത, പ്രവൃത്തി ഈ മൂന്നില്‍ മാത്രമേ നമുക്ക് സ്വാധീനമുള്ളു. കഥകള്‍, അനുഭവങ്ങള്‍, ഉപദേശങ്ങള്‍, ജീവിതസത്യങ്ങള്‍ ഇവയൊക്കെ ശ്രവിച്ചും പഠിച്ചും ആചരിച്ചും നമ്മുടെ മനസ്സിനെ പരിവര്‍ത്തിപ്പിച്ച് സത്ചിന്തകളും സല്‍പ്രവൃത്തികളും ഉണ്ടായി ജീവിതം ധന്യമാക്കുക എന്നതാണ് ആത്മീയത കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപ്രയത്‌നത്തിന്റെ സാഫല്യത്തിന് ഈശ്വരകൃപ അനിവാര്യമാണ് എന്ന് അഡയാര്‍ കെ.ആര്‍.എ.നാരായണന്‍. കലിയുഗത്തിലാകട്ടെ ഇത് നാമജപത്തില്‍ കൂടി വളരെ എളുപ്പം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി,എന്‍. സോമശേഖരന്‍ എന്നിവരും പ്രഭാഷണം നടത്തി. വൈകിട്ട് കോട്ടയം ശ്രീശങ്കരാ അക്ഷരശ്ലോക സദസ്സിന്റെ നേതൃത്വത്തില്‍ നാരായണീയത്തെ ആസ്പദമാക്കി അക്ഷരശ്ലോകസദസ്സും നടന്നു.
യജ്ഞവേദിയില്‍ ഇന്ന്
രാവിലെ 6 ന് മഹാഗണപതിഹോമം. 6.30ന് വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം. ബ്രഹ്മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി. 7.30നും 1.30 നും ശ്രീമന്നാരായണീയ പാരായണം. 8.30 ന് ശ്രീമന്നാരായണീയ സംഗീതാവിഷ്‌കരണം-വൈക്കം രാജമ്മാളും സംഘവും. പ്രഭാഷണം: 9ന് മധുസൂദനവാര്യര്‍, 10.15ന് അഡയാര്‍ കെ.ആര്‍.എ.നാരായണന്‍, 11.45ന് ശരത് പി. നാഥ്, 2ന് വെണ്‍മണി ഭവദാസന്‍ നമ്പൂതിരി, 3.30 ന് ചിദാനന്ദപുരിസ്വാമികള്‍, 4.45ന്് യോഗാനന്ദപരമഹംസരെക്കുറിച്ച് എന്‍.സോമശേഖരന്‍, 6ന് ഭജനോത്സവം, നമിതാ ശൈലേഷ്, വന്ദന വിബു എന്നിവര്‍.
















