ചാത്തന്നൂര്‍: ചാത്തന്നൂര്‍ മീനാട് ക്ഷേത്രത്തിനു സമീപം ഇത്തിക്കര ആറിന്റെ തീരത്ത് അനധികൃതമായി കൂട്ടിയിട്ട 20 ലോഡോളം വരുന്ന മണല്‍ നാട്ടുകാര്‍ പിടികൂടി. നാട്ടുകാര്‍ വിവരം ഉടന്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പോലീസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വില്ലജ് ഓഫീസറെ അറിയിക്കുകയും അദ്ദേഹം ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസിലാക്കുകയും ചെയ്തു. കളക്ടര്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നൈറ്റ്‌പെട്രോളിംഗ് ശക്തമാക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. മീനാട് കട്ടക്കമ്പനിക്ക് പുറകുവശത്ത് രാത്രികാലങ്ങളില്‍ അനധികൃത മണല്‍ഖനനം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസില്‍ അറിയിക്കാറുണ്ടെങ്കിലും കാര്യമായ നടപടികള്‍ എടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അനധികൃതമായി കടത്താന്‍ ശ്രമിച്ച മണലും ലോറിയും ചാത്തന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും െ്രെഡവറെയും കൂട്ടാളിയെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നും നാട്ടുകാര്‍ പറയുന്നു.
















