ഇരിട്ടി: കൂട്ടുപുഴയില്‍ ഇരിട്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 336 കുപ്പി കര്‍ണ്ണാടക മദ്യം പിടികൂടി. കൂട്ടുപുഴ പാലത്തിന് സമീപം സ്‌നേഹഭവനിലേക്ക് പോകുന്ന റോഡിനു സമീപം പുഴയരികിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ഇത് കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവന്ന പ്രതിയെ പിടികൂടാനായില്ല. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ ഉച്ചക്ക് ശേഷം 3 മണിയോടെ ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. രജിത്തിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് മദ്യം പിടികൂടുന്നത്. ഈ മേഖലയില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യത്തിന്റെ വില്‍പ്പന വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 180 എംഎല്‍ വരുന്ന മദ്യക്കുപ്പികള്‍ 48 എണ്ണം വീതം എഴു കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി കുറ്റിക്കാട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രജിത്തിനെ കൂടാതെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എ.ജോണി, പിഒ പി.ടി.യേശുദാസ്, സിഇഒമാരായ പി.കെ.മധു, കെ. ഉമ്മര്‍, പി.സുരേഷ്, ജിന്‍സ് മാത്യു അന്‍വര്‍ സാദത്ത് തുടങ്ങിയവരും മദ്യം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു . കര്‍ണ്ണാടക അതിര്‍ത്തി മേഖലകളായ മലയോര പ്രദേശങ്ങളില്‍ കര്‍ണ്ണാടകത്തില്‍ നിന്നും അനധികൃതമായി കടത്തി കൊണ്ടുവരുന്ന മദ്യത്തിന്റെ വില്‍പ്പന അടുത്തകാലത്തായി കൂടുന്നതായാണ് ഈ യിടെയായി എക്‌സൈസ്വ സംഘം പിടികൂടുന്ന മദ്യത്തിന്റെ ബാഹുല്യം വ്യക്തമാക്കുന്നത്. ഇതിനെ തടയിടാനുള്ള പരിശോധനകള്‍ ഈ മേഖലയിലെല്ലാം നിരന്തരം നടത്തിക്കൊണ്ടിരിക്കയാണെന്നു ഇന്‍സ്‌പെക്ടര്‍ രജിത്ത് പറഞ്ഞു.
















