കൊച്ചി: തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയെന്നും പോസ്റ്റര്‍ പതിച്ചെന്നുമാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോരാട്ടം നേതാവ് പാലക്കാട് മുണ്ടൂര്‍ സ്വദേശി എംഎന്‍ രാവുണ്ണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രതിക്ക് 78 വയസുണ്ടെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ മറ്റു കേസുകളില്‍ പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമാണെന്ന് വിലയിരുത്തി വയനാട്ടിലെ വെള്ളമുണ്ട, തലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തീവ്രവാദ വിരുദ്ധ നിയമപ്രകാരം (യുഎപിഎ) കുറ്റം ചുമത്തിയിരുന്നു.
















