കാഞ്ഞാര്‍: മലങ്കര ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് സംഭരണ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആശ്വാസമായി. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് കാരണം സമീപ പ്രദേശത്തെ ജലസ്രോതസ്സുകള്‍ വറ്റിയിരുന്നു. കിണറുകളിലെ വെള്ളം തീരെ താഴ്ന്നതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. നൂറു കണക്കിന് പേരാണ് സംഭരണ പ്രദേശത്തെ ജലത്തെ ആശ്രയിച്ചിരുന്നത്.
മൂലമറ്റം പവര്‍ഹൗസിലെ ഉത്പാദനം കുറച്ചതാണ് മലങ്കര ഡാമിലെ ജലനിരപ്പ് താഴുവാന്‍ കാരണം. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത് സമീപ ഭാഗത്തെ ജനങ്ങള്‍ക്ക് ആശ്വാസമായെങ്കില്‍ കനാലിലൂടെ വെള്ളം ഒഴുകാത്തത് കനാലിന്റെ സമീപത്തുള്ളവര്‍ക്ക് വലിയ ദുരിതമായി. ജലനിരപ്പ് ഉയര്‍ന്ന് 38 അടി എത്തിയെങ്കിലും 41 അടിയെങ്കിലും വെള്ളം സംഭരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇരു കനാലിലൂടെയും വെള്ളം തുറന്നു വിടുവാന്‍ കഴിയൂ. ഒരു ലക്ഷത്തോളം പേര്‍ കനാല്‍ ജലത്തെ ആശ്രയിക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. കനാലിന്റെ സമീപമുള്ള കിണറുകളില്‍ ഭൂരിഭാഗവും വറ്റി ക്കഴിഞ്ഞു.
വേനല്‍ കനത്തതോടെ കനാല്‍ ജലത്തെ ആശ്രയിച്ചിരുന്നവര്‍ കടുത്ത ദുരിതത്തിലായി. 41 അടി വെള്ളമെത്താതെ കനാലിലൂടെ ഒഴുക്കിവിടുവാന്‍ സാധിക്കില്ലായെന്നാണ് എം വി ഐ പി അധികൃതര്‍ പറയുന്നത്. കുളിക്കാനും അലക്കാനും കനാലിനെ ആശ്രയിച്ചിരുന്നവര്‍ക്ക് വലിയ ദുരിതമാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കനാലിലൂടെ എന്ന് വെള്ളം തുറന്ന് വിടുവാന്‍ കഴിയുമെന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.
















