കുന്നത്തൂര്‍: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ ഒരു സംഘം അതിക്രമം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ആക്രമണം ഉണ്ടായത്. പത്തംഗസംഘം ക്ഷേത്രവളപ്പില്‍ കടന്ന് ദേവസ്വം സെക്രട്ടറിയെയും കമ്മിറ്റി അംഗങ്ങളെയും മര്‍ദിക്കുകയും ക്ഷേത്ര ആല്‍ത്തറക്ക് കേടുപാട് വരുത്തുകയും ചെയ്തു. പരിക്കേറ്റവര്‍ ചികിത്സ തേടി. ക്ഷേത്രത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കേടുവരുത്തി. അതിക്രമം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം നടപടി സ്വീകരിച്ചില്ല. പ്രദേശത്ത് സംഘര്‍ഷം കനക്കുകയും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കമ്മിറ്റിഅംഗങ്ങള്‍ ശൂരനാട് പോലീസ് സ്‌റ്റേഷനു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പത്ത് പേര്‍ക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഊരാളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രമൈതാനത്ത് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു. സംസ്ഥാനത്തെ ഏക ദുര്യോധന ക്ഷേത്രമാണ് മലനടയിലേത്.
















