മട്ടന്നൂര്‍: ഏറ്റവും കൂടുതല്‍ വേഗതയില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമായി ഭാരതം മാറിയിരിക്കുകയാണെന്നും ഇത് ലോകം അംഗീകരിച്ചിരിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി യും എംഎല്‍എയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. മട്ടന്നൂര്‍ മഹാദേവ ഹാളില്‍ ബിജെപി മട്ടന്നൂര്‍ മണ്ഡലം നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാല ത്ത് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം ഇന്ത്യയിലായിരുന്നു. ഇന്നത് മാറിയിരിക്കുകയാണ്. കള്ളക്കടത്തുകാരും കള്ളപ്പണക്കാരും കോണ്‍ഗ്രസിനെയും കോണ്‍ ഗ്രസ് തിരിച്ചും സഹായിച്ചിരുന്നതാണ് നമ്മള്‍ കണ്ടിരുന്നത്. രാജ്യത്ത് വിലക്കയറ്റം ഉണ്ടാകാനും ഇതായിരുന്നു കാരണം. കള്ളപ്പണക്കാര്‍ ഭൂമി വാങ്ങിക്കൂട്ടുകയും സമാന്തര സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തപ്പോള്‍ സാധന സാമഗ്രികള്‍ക്ക് വിലക്കയറ്റമുണ്ടാകുകയും സാധാരണക്കാര്‍ക്ക് ഭൂമിയും വീടും സ്വപ്നമായി മാറുകയുമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ വന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുന്നത്. പണം നികുതികൊടുക്കാതെ ഒളിച്ചുവെച്ച് ചെലവാക്കി വിലക്കയറ്റമുണ്ടാക്കുന്ന രീതി ഇനി ഉണ്ടാകില്ല. സാമ്പത്തിക പരിഷ്‌കരണം കാരണം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ശമ്പള വിതരണം മുടങ്ങിയിട്ടില്ല. കേരളത്തില്‍ മാത്രമാണ് ധനമന്ത്രിയും പ്രതിപക്ഷവും ഒത്തുകളിച്ച് മുടക്കമുണ്ടാക്കിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്കും കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ഒരുവലിയ മാറ്റത്തിനായി കേരളത്തില ജനങ്ങള്‍ ആഗ്രഹിക്കുന്നതായും വരും നാളുകള്‍ ബിജെപിയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് പി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ക.വിനോദ് കുമാര്‍, വൈസ് പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
















