ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ കേരളത്തിലെ ഹിന്ദുവിന്റെ ശുക്രദശയായിരുന്നു. ആദ്ധ്യാതിമക ആചാര്യന്മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സംഘാടകരുമായ അനവധി മഹാത്മാക്കളെകൊണ്ട് അക്കാലം സമ്പുഷ്ടമായിരുന്നു. അതില്‍ അദ്വിതീയ സ്ഥാനമാണ് മന്നത്ത് പത്മനാഭന്‍ അലങ്കരിച്ചിരുന്നത്. എണ്ണംകൊണ്ട് രണ്ടാംസ്ഥാനത്തുനിന്ന നായര്‍ സമുദായത്തിന്റെ ദൃഢികരണത്തിനും നവീകരണത്തിനും ഉന്നമനത്തിനുമായി നായര്‍സര്‍വ്വീസ്‌സൊസൈറ്റി എന്ന മഹത്പ്രസ്ഥാനത്തിന് അദ്ദേഹം രൂപംകൊടുത്തു.
ആ വലിയ ചുമത നിര്‍വഹിക്കുവാന്‍ ദൈവം അദ്ദേഹത്തിന് അനിതര സാധാരണമായ ധാരാളം കഴിവുകള്‍ നല്‍കിയിരുന്നു. അതിന്റെകൂടെ കറകളഞ്ഞ ആത്മാര്‍ത്ഥതയും, അക്ഷീണമായ അദ്ധ്വാനവും, നിസ്വാര്‍ത്ഥതയും കൂടി ആയപ്പോള്‍ കേരളചരിത്രത്തിന്റെ നിയന്ത്രണശേഷി ആ കൈകളിലേക്ക് വന്നുചേര്‍ന്നു. സാമൂഹ്യ, രാഷ്‌ട്രീയ, വിദ്യാഭ്യാസ,സാമ്പത്തിക, ആത്മീയ മേഖലകളിലുള്ളവരെല്ലാം പെരുന്നയില്‍ നിന്നുവരുന്ന വാക്കുകള്‍ക്കുവേണ്ടി ചെവിയോര്‍ത്തു. നായര്‍ സമുദായത്തേയും ഹിന്ദുമതത്തേയും കണ്ടില്ലെന്ന് നടിച്ച് ആര്‍ക്കും മുന്നോട്ടുപോകുവാന്‍ കഴിയാത്ത അവസ്ഥ വന്നു.
കൈവച്ച രംഗങ്ങളിലെല്ലാം ഇതുപോലെ വിജയം വരിക്കുക എളുപ്പമല്ല. വെള്ളിത്തളികയില്‍വച്ച് ആര്‍ക്കും ആരും ഒന്നും വെറുതെ വച്ചുനീട്ടുകയില്ല. മന്നത്തിനും ഈ അംഗീകാരങ്ങളൊന്നും ആരും വെറുതെ കൊടുത്തതല്ല, അദ്ദേഹം പിടിച്ചുവാങ്ങിയതാണ്. ആ ചരിത്രത്തിലേക്ക് കണ്ണോടിക്കുന്നത് ഈ രംഗങ്ങളിലെവിടെയെങ്കിലും കാലെടുത്തുവയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും മുതല്‍കൂട്ടായിരിക്കും.
സാമുദായിക രംഗത്തോ, ഹിന്ദു സംഘടനാരംഗത്തോ സേവനമനുഷ്ഠിക്കാന്‍ സന്മനസ്സ് കാണിക്കുന്ന എല്ലാവര്‍ക്കും മുന്നില്‍ കത്തിച്ചുവച്ച വിളക്കാണ് മന്നം. അതിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നീങ്ങിയാല്‍ പരാജയമെന്ന വാക്ക് നിഘണ്ടുവിലുണ്ടാവുകയില്ല.
ഭൂരിപക്ഷമായിട്ടും കേരളത്തിലെ ഹിന്ദുവിന് ന്യൂനപക്ഷക്കാരന്റെ പിന്നില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നത് വിവിധ ജാതികളായി പിരിഞ്ഞ് പരസ്പരം മത്സരിക്കുന്നത് കൊണ്ടുമാത്രമാണെന്ന് മന്നം തിരിച്ചറിഞ്ഞു.
പ്രശ്‌നം ജാതിഭേദവും, ജാതിവൈരവുമായതുകൊണ്ട് അതിന് പരിഹാരം കാണുന്നതിലൂടെയേ സംസ്ഥാനത്ത് അര്‍ഹമായ സ്ഥാനം നേടിയെടുക്കുവാന്‍ കഴിയൂവെന്ന് വ്യക്തമായിരുന്നു. അതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു പിന്നെ മന്നത്തിന്റെ ശ്രദ്ധമുഴുവന്‍. ഹിന്ദു ഐക്യത്തിന് തടസ്സമുണ്ടാക്കുന്ന വാക്കോ, പ്രവൃത്തിയോ പിന്നെ കണ്ണടയുന്നതുവരെ ആ മനുഷ്യനില്‍ നിന്നുമുണ്ടായിട്ടില്ല. ആ സ്വപ്‌നം പൂവണിയുമെന്ന് കരുതി ഉണ്ടാക്കിയ ഹിന്ദുമഹാമണ്ഡലം അവിചാരിതമായി പളുങ്കുപാത്രം പോലെ താഴെ വീണുടഞ്ഞപ്പോള്‍ മന്നത്തില്‍നിന്നും കടുത്ത വാക്കുകള്‍ ഉണ്ടാകുമെന്ന് ചിലര്‍ കരുതി. ദുഃഖം താങ്ങുവാന്‍ ഹൃദയത്തിനുശേഷിയില്ലാത്തതുകൊണ്ട് കണ്ണുകള്‍ ഈറനണിഞ്ഞു എന്നല്ലാതെ ആര്‍ക്കെതിരെയും ഒന്നും ഉരിയാടിയില്ല.
കുറ്റങ്ങളുടെ പട്ടിക നിരത്തിയതുമില്ല. നാളെ ഹിന്ദു ഐക്യം സാക്ഷാത്കരിക്കപ്പെടുകയാണെങ്കില്‍ അതിന് തന്റെ വാക്ക് ഒരു തടസ്സമാകരുതെന്ന് ആ മഹാത്മാവ് കരുതിയിട്ടുണ്ടാകും.
ഹിന്ദു ഐക്യത്തിന് തടസ്സം ജാതിയാണെന്ന് അറിയുകയും പലതവണ അത് വിളിച്ചുപറയുകയും ചെയ്തുവെങ്കിലും അതിനെ അടച്ചാക്ഷേപിക്കുവാനോ, ശപിക്കുവാനോ അദ്ദേഹം തയ്യാറായില്ല. ജാതിക്ക് സമൂഹത്തില്‍ വ്യാപകമായ വേരോട്ടമുള്ളപ്പോള്‍ അങ്ങനെ ചെയ്താല്‍ അത് ഗുണത്തേക്കാളേറെ ദോഷത്തിന് കാരണമാകുമായിരുന്നു. അതുകൊണ്ട് അതിന്റെ ശക്തിയെ തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് കൂടെ കൂട്ടുവാന്‍ തീരുമാനിച്ചു.
താന്‍ ജനിച്ച നായര്‍ സമുദായത്തിന്റെ നവീകരണത്തിനും, ദൃഢീകരണത്തിനും വേണ്ടിയാണ് ആദ്യകാല പ്രവര്‍ത്തനം മുഴുവന്‍ കേന്ദ്രീകരിച്ചത്. എണ്ണം കൊണ്ട് രണ്ടാംസ്ഥാനത്തായിരുന്നുവെങ്കിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരുപിടി മിഥ്യാധാരണകളും നിറഞ്ഞ് അനങ്ങാന്‍ ബുദ്ധിമുട്ടുകയായിരുന്നു നായര്‍ സമുദായം. വ്യക്തമായ പ്രവര്‍ത്തനലക്ഷ്യമോ, പദ്ധതിയോ ഇല്ലാതെ ആചാരങ്ങളുടെ മാത്രം ബലത്തില്‍ നിലനില്‍ക്കുകയായിരുന്നു അത്. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന് അസ്ഥിവാരമിട്ട് അതിനൊരു ലക്ഷ്യവും മാര്‍ഗ്ഗവും ഉണ്ടാക്കികൊടുത്തു. അതിനെ സമുദായംഗങ്ങള്‍ നിറപറയും നിലവിളക്കും വച്ച് സ്വീകരിക്കുകയും ഏറെ താമസിക്കാതെ അതവരുടെ ആശയും ആവേശവുമായി മാറുകയും ചെയ്തു. നാട്ടിലെങ്ങും നൂറുകണക്കിന് നായര്‍ കരയോഗങ്ങള്‍ രൂപീകരിക്കപ്പെട്ടു.
അക്കാലത്ത് സമുദായത്തിന്റെ വകയായി സ്ഥാപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സംഘടന ആയികഴിഞ്ഞപ്പോള്‍ അദ്ദേഹം ആ രംഗത്തേക്ക് തിരിഞ്ഞു. വ്യക്തിനിര്‍മ്മാണ കേന്ദ്രങ്ങളായ വിദ്യാലയങ്ങളുടെ ഏറിയകൂറും അന്ന് ക്രിസ്ത്യാനികളുടെ കൈവശമായിരുന്നു.“പള്ളിമുറ്റത്തെ പള്ളികൂടത്തില്‍ കത്തനാരുടെ മാനേജ്‌മെന്റിലും അന്തരീക്ഷത്തിലും കൃസ്ത്യാനി വാദ്ധ്യാര്‍ പഠിപ്പിച്ചാല്‍ ആ ഹിന്ദു എങ്ങനെയായിരിക്കുമെന്ന് ചോദിച്ച് ആ രംഗത്തേക്ക് കടന്നുവന്നു. പേരിനും പെരുമയ്‌ക്കും വേണ്ടി കുറെ സ്‌കൂളുകളും കോളേജുകളും എന്നതായിരുന്നില്ല ആ വലിയ മനുഷ്യന്റെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യം. അതിനനുഗുണമായി സമുദായംഗങ്ങള്‍ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. സമുദായ നേതാവിന്റെ അക്ഷീണമായ അദ്ധ്വാനം കൂടിയായപ്പോള്‍ ശൂന്യതയില്‍ നിന്ന് ഒരുവിദ്യാലയ സാമ്രാജ്യംതന്നെ ഉയര്‍ന്നുവന്നു.
ഹിന്ദു ശരീരത്തിലെ അംഗമായ നായര്‍ സമുദായത്തിന്റെ മാത്രം അഭിവൃദ്ധിയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ആ സമുദായത്തിന്റെ വളര്‍ച്ചയും വികാസവും മറ്റ് സമുദായാംഗങ്ങളുടെ വളര്‍ച്ചയ്‌ക്ക് പ്രചോദനമാകുമെന്നും അവര്‍ക്ക് പ്രയോജനമാകുമെന്നും കണക്കുകൂട്ടി അവരെക്കൂടി തങ്ങള്‍ക്കൊപ്പം കൈപ്പിടിച്ചുയര്‍ത്തുന്നതിനായി പിന്നത്തെ ശ്രമങ്ങള്‍. കറകളഞ്ഞ സ്‌നേഹത്തിലൂടെയും നിര്‍ലോഭമായ സഹായസഹകരണങ്ങളിലൂടെയും സഹോദരസമുദായങ്ങളുടെ ഹൃദയത്തില്‍തന്നെ ഇടം നേടി.
ചെറിയ സമുദായങ്ങളോടും അവരുടെ നേതാക്കളോടുംവരെ ആദരവോടെ പെരുമാറുകയും അവര്‍ക്ക് തുല്യപരിഗണന നല്‍കുകയും ചെയ്തു. ഹിന്ദുഐക്യത്തിന് തന്റെ ജാതിവലിപ്പം തടസ്സമാകരുതെന്ന് കരുതി ആഢ്യത്വത്തിന്റെ പ്രതീകമായ ജാതിനാമം മന്നം വലിച്ചെറിഞ്ഞ് വെറും മന്നത്ത് പത്മനാഭനായി തീര്‍ന്നു.
എന്‍എസ്എസിന്റെ അന്നത്തേയും ഇന്നത്തേയും അഭിമാന സ്തംഭമായി വിരാജിക്കുന്ന പെരുന്നയിലെ ആദ്യത്തെ കോളജിന് ഹിന്ദുകോളജെന്ന് പേരിട്ട് തന്റെ സ്വപ്‌നം ഒരിക്കല്‍കൂടി വ്യക്തമാക്കി. മറ്റ് ഹിന്ദുസമുദായങ്ങളിലുള്ള കുട്ടികളോടും അഭിമാനത്തോടെ അവിടെ പഠിച്ചുമിടുക്കാരാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നായന്മാരല്ലാത്ത ഹിന്ദുക്കള്‍ക്കും കടന്നുവരുവാന്‍ അവസരമൊരുക്കാന്‍ വേണ്ടി നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനയില്‍തന്നെ അതിനുള്ള വകുപ്പ് എഴുതിച്ചേര്‍ത്തു. നായരുടെ മുറ്റത്ത് പുലയനെ കയറ്റാത്ത അക്കാലത്ത്, മന്നത്ത് ഭവനത്തിന്റെ അടുക്കളയില്‍ പുലയനായ അഴകനെ വിളിച്ചിരുത്തി പത്മനാഭന്‍ ഒപ്പം കഞ്ഞികുടിച്ചു. പുലയനായ മഹാത്മാ അയ്യങ്കാളിയുടെ വീട്ടില്‍പോയി ഒപ്പമിരുന്ന് ഊണ് കഴിച്ചതും അക്കാലത്ത് വലിയ സംഭവമായി വാഴ്‌ത്തപ്പെട്ടു.
പുലയനേയും പറയനേയും ഈഴവനേയും വഴിനടത്തുവാന്‍ വേണ്ടിയാണ് നായരായ മന്നം വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണ്ണ ജാഥ നടത്തിയത്. അവരെ ഗുരുവായൂര്‍ അമ്പലത്തില്‍ കടത്തി തൊഴുവിക്കാന്‍ അവിടെ സത്യഗ്രഹസമരവും നയിച്ചു. ഹിന്ദു ഐക്യത്തിന് വേണ്ടി നാഴികയ്‌ക്കുനാല്‍പതുവട്ടം പ്രസംഗിക്കുകയായിരുന്നില്ല, അവരെ ഏകോദര സഹോദരന്മാരായി കണ്ട് സ്‌നേഹിക്കുകയായിരുന്നു മന്നത്തിന്റെ വഴി. അങ്ങോട്ട് കാണിച്ചതുപോലെയുള്ള സ്‌നേഹവും വിശ്വാസവും അവരെല്ലാം തിരിച്ചുകൊടുക്കുകയും ചെയ്തു. അവരുടെ ജ്യേഷ്ഠസഹോദരനായും, അഭ്യുദയകാംക്ഷിയായും, രക്ഷാകര്‍ത്താവായും കണ്ടു.
അവരുടെയെല്ലാം യോഗങ്ങളില്‍ വിളിച്ചുകൊണ്ടുപോയി പ്രസംഗിപ്പിക്കുകയും വിശേഷങ്ങള്‍ക്കെല്ലാം ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ഈഴവരുടേയും പുലയരുടേയും പറയരുടേയുമൊക്കെ യോഗങ്ങളിലെ വിശിഷ്ട അതിഥിയായി നായര്‍ മാറി. നമ്പൂതിരിമാരുടെ യോഗക്ഷേമസഭയില്‍ സ്വീകരിച്ചുകൊണ്ടുപോയി പ്രസംഗിപ്പിച്ചിട്ടുള്ള ഏക അബ്രാഹ്മണനും മന്നമായിരുന്നു. ഇതൊക്കെ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളുടെ ഉള്ളിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം വ്യക്തമാക്കുന്ന കാര്യങ്ങളാണ്.
ക്രിസ്ത്യാനികളും മുസ്ലിംകളും അവരവരുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി അന്യായമായ അവകാശങ്ങള്‍പോലും പിടിച്ചുവാങ്ങുമ്പോള്‍ ഹിന്ദുക്കള്‍മാത്രം മിണ്ടാതിരിക്കുന്നത് വിഢിത്തമാണെന്നായിരുന്നു മന്നത്തിന്റെ പക്ഷം. അതുകൊണ്ട് ന്യായമായ അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്കും തരപ്പെടുത്തുന്നതിനുവേണ്ടി രാഷ്‌ട്രീയരംഗത്തേക്ക് കടന്നുചെന്നു. ഏറെക്കാലം അതിന്റെ കടിഞ്ഞാണ്‍ കയ്യാളുകയും ചെയ്തു. പക്ഷെ ക്രിസ്ത്യാനികളെപ്പോലെയോ, മുസ്ലിംകളെപോലെയോ ഹിന്ദുസമൂഹത്തിന് ദീര്‍ഘവീക്ഷണവും കെട്ടുറപ്പും പ്രായോഗികബുദ്ധിയും ഇല്ലാത്തതുകൊണ്ട് ഹൈന്ദവ രാഷ്‌ട്രീയശക്തിക്ക് വേണ്ടത്ര ആയുസുണ്ടായില്ല.
ഹിന്ദുമഹാമണ്ഡലം പോലെയുള്ള ഭൂരിപക്ഷ ശാക്തീകരണത്തിന്റെ ആവശ്യകത ഇന്നും പൂര്‍വ്വാധികം ആവശ്യമായിവന്നിരിക്കുകയാണ്. സാമ്പത്തിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യരംഗങ്ങളില്‍ നിന്നെല്ലാം ഹിന്ദുവിന്റെ പിടിവിട്ടുകൊണ്ടിരിക്കുകയാണ്. അവന്റെ അസ്തിത്വം നശിപ്പിച്ച് വരുതിയില്‍ നിര്‍ത്തി വോട്ട് തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തികൊണ്ടിരിക്കുന്നു. ആചാര്യന്മാരെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ അടച്ചാക്ഷേപിക്കുന്നു. നാട് ഭരിക്കുന്നവര്‍ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ അങ്ങോട്ട് ചെന്ന് അന്വേഷിച്ച് ചെയ്ത് കൊടുക്കുന്നു. ഹിന്ദുക്കള്‍ പല ജാതികളായി തിരിഞ്ഞ് അവരവരുടെ ഉച്ച ഭാഷണികളിലൂടെ ആവശ്യങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒച്ചവയ്‌ക്കാത്തതുകൊണ്ട് ഭരണം കയ്യാളുന്നവരുടെ കാതുകളില്‍ എത്തുന്നുപോലുമില്ല.
പെരുന്നയിലെ ചാരുകസേരയില്‍ ധീരനായ ആ മനുഷ്യന്‍ നീണ്ടുനിവര്‍ന്ന് കിടപ്പുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ ഹിന്ദുവിന് ഒന്നും ഭയപ്പെടേണ്ടിവരില്ലായിരുന്നു. ഹിന്ദു ഐക്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മനുഷ്യന്റെ കാല്‍പ്പാടുകള്‍ പിന്‍തുടരുകമാത്രമാണ് കേരളത്തിലെ ഹിന്ദുവിന്റെ മുന്നിലുള്ള ഏകമാര്‍ഗ്ഗം.
















