പുനലൂര്‍: അരിവില സര്‍യകാല റിക്കോര്‍ഡിലേക്ക് കടക്കുമ്പോള്‍ സാധാരണക്കാരന് ആശ്രയമാകേണ്ട റേഷന്‍ കടകളില്‍ നിന്നും ബിപിഎല്‍ ലിസ്റ്റില്‍ നല്‍കേണ്ട അരി വാങ്ങുന്നത് ഏറെയും എപി എലുകാരാണ്. മറ്റു കടകളില്‍ നിന്നും പുഴുക്കലരിക്ക് വില 36 മുതല്‍ 38 വരെയാണ് ചില്ലറ കച്ചവടക്കാര്‍ ഈടാക്കുന്നുത്. 74 കിലോ വരുന്ന ഒരു ചാക്ക് അരിയുടെ ഇന്നലത്തെ മാര്‍ക്കറ്റ് വില 2690 രൂപയാണ്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുമ്പോള്‍, സാധാരണക്കാരന് ആശ്രയമാകേണ്ട അരി കൈക്കലാക്കുന്നത് എപിഎലിലെ സമ്പന്നര്‍ തന്നെയാണ്. റേഷന്‍ കടക്കാരനുമായുള്ള സൗഹൃദം മുതലാക്കി സൗജന്യമായി നല്‍കേണ്ടുന്ന അരി വില കൊടുത്തുവാങ്ങുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കൂടാതെ ചാക്കുകണക്കിന് അരി അന്യസംസ്ഥാനതൊഴിലാളികള്‍ക്കും പൊടിച്ചുനല്‍കുവാനും റേഷന്‍കടക്കാര്‍ തയ്യാറാകുമ്പോള്‍ കഷ്ടത്തിലാകുന്നത് സാധാരണക്കാരാണ്. റേഷന്‍കടകളില്‍ ചാക്കുകണക്കിന് അരി ഉള്ളപ്പോഴും അര്‍ഹരായവര്‍ക്ക് നല്‍കുന്നില്ല എന്ന പരാതിയും ഇന്ന് വ്യാപകമാണ്. റേഷന്‍വ്യാപാരികള്‍ സമരരംഗത്ത് സജീവമായതിനാല്‍ പരിശോധനകളും കാര്യമായ തോതില്‍ ഇല്ല എന്നതാണ് കരിച്ചന്ത അനായാസ മാക്കിയത്. റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ അനര്‍ഹരായ നിരവധി ആളുകളാണ് ബിപിഎല്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ളത്. റേഷന്‍ വ്യാപാരികളുടെ നിലപാടില്‍ പ്രതിഷേധിക്കാന്‍ കൂടി കഴിയാതെ കുഴയുകയാണ് സാധാരണക്കാര്‍.
















