കരുനാഗപ്പള്ളി: ആലപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ അപൂര്‍വകീടങ്ങളുടെ ശല്യം മൂലം തെങ്ങും കാര്‍ഷികവിളകളും മറ്റും വ്യാപകമായി നശിക്കുന്നു. ആലപ്പാട്ടാണ് ആദ്യം ഇത് കാണപ്പെട്ടതെങ്കിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ 34, 35 ഡിവിഷനില്‍ ഉള്ള വിളകളെയാണ് കാര്യമായി ബാധിച്ചിരിയ്‌ക്കുന്നത്. വെള്ളീച്ച എന്നറിയപ്പെട്ടുന്ന കീടങ്ങള്‍ ഇലയുടെ അടിയില്‍ മുട്ട ഇട്ട് ഉണ്ടാക്കുന പൂപ്പല്‍ രോഗമാണ് വിളകളെ നശിപ്പിക്കുന്നത്. തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയെയും റോസ ഉള്‍പ്പെടെയുള്ള ചെടികളെയും ഇത് ബാധിച്ചിട്ടുണ്ട്.
നഗരസഭയുടെ നേതൃത്വത്തില്‍ കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്നു പരിശോധന നടത്തി. കീടങ്ങളെ നശിപ്പിക്കുന്നതിനായി വേപ്പെണ്ണയുടേയും വെളുത്തുള്ളിയുടേയും മിശ്രിതം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ തളിച്ച് കീടങ്ങള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടയുമെന്നും അറിയിച്ചു.
















