കുമളി: വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഏലം കള്ളക്കടത്ത് സജീവമായി .ഇതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം കുമളി ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് വാണിജ്യ നികുതി വകുപ്പ് 2200 കിലോ ഏലക്കായ് കള്ളക്കടത്തിനിടെ പിടികൂടിയത്. പിടിച്ചെടുത്ത ഉത്പ്പന്നത്തിന് 777000 രൂപയാണ് പിഴ ചുമത്തിയത്.
നോട്ട് നിരോധനത്തിന് ശേഷം കണക്കില്‍ പെടാത്ത പണത്തിന്റെ വിനിമയം ഏലം മേഖലയില്‍ നടന്നിരുന്നു. കേരളത്തില്‍ നിന്ന് അനധികൃതമായി തമിഴ്‌നാട്ടിലേക്ക് ഏലക്കായ് കടത്തി അത് വഴി ലഭിക്കുന്ന പണം തിരികെ കേരളത്തിലേക്ക് ഇതേ മാര്‍ഗത്തിലൂടെ എത്തിക്കാനാണ് കള്ളക്കടത്തുകാര്‍ ലക്ഷ
്യമിടുന്നത് . കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റിനോട് ചേര്‍ന്നുള്ള സമാന്തര നടപ്പു വഴിയിലൂടെ തല ചുമടായാണ് ഏലക്കായ് തമിഴ്‌നാടിന്റെ പരിധിയില്‍ എത്തിക്കുന്നത്. മുന്‍ കാലങ്ങളില്‍ കൃത്യമായ മാസപ്പടി നല്‍കിയാണ് കള്ളക്കടത്തുകാര്‍ ഉദ്യോഗസ്ഥരെ വരുതിയില്‍ ആക്കിയിരുന്നത്.
അംഗീകൃത വ്യാപാര മേഖലയായ സ്‌പൈസസ് ബോര്‍ഡിന്റെ നിയന്ത്രണത്തിലൂടെയുള്ള ലേല ഏജന്‍സികള്‍ വഴി ലേലത്തില്‍ പതിയുന്ന ഏലക്കയുടെ വില കര്‍ഷകന് പൂര്‍ണമായി ബാങ്ക് വഴി നല്‍കാന്‍ തീരുമാനിച്ചു. ഇതുമൂലം ഭാവിയില്‍ ലേല കേന്ദ്രം വഴിയുള്ള പണം ഇടപാടുകള്‍ക്ക് ഒരു പരിധി വരെ സുതാര്യത കൈവരും. ഇക്കാരണത്താല്‍ കളളപ്പണക്കാര്‍ക്ക് ഏലക്കായ് വ്യാപാരം സാധ്യമാകില്ലെന്ന തിരിച്ചറിവാണ് തമിഴ്‌നാട്ടിലേക്ക് ഏലക്കായ് കടത്താന്‍ പ്രേരണയാകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയോജിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കാത്ത പക്ഷം ഏലം കള്ളക്കടത്തിലൂടെ വന്‍ നികുതി വരുമാനമാണ് കേരളത്തിന് നഷ്ടമാകുക.
















