ചങ്ങനാശേരി: ഫാത്തിമാപുരത്തുള്ള മാലിന്യകേന്ദ്രത്തിലെ അറവ് മാലിന്യം അടക്കം കലര്‍ന്ന മണ്ണ് ബൈപാസില്‍ ളായിക്കാട് ചേര്‍ന്നു കിടക്കുന്ന ജനവാസമേഖലയും കോളനി നിവാസികളും താമസിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പാറാട്ട് ബാലമുരുകക്ഷേത്രം, തിരുമല ക്ഷേത്രം, പള്ളിപ്പുറത്തകാവ് ക്ഷേത്രം, ളായിക്കാടു പള്ളി, ഭക്തപ്രിയത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കര്‍ഷകര്‍ കൃഷിക്കുവേണ്ടി വെള്ളം ഉപയോഗിക്കുന്ന തോട് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.നഗരസഭയുടെ സ്റ്റേഡിയ നിര്‍മ്മാണത്തിനുവേണ്ടി എടുത്ത സ്ഥലമാണ് ഇത്. മാലിന്യം കലര്‍ന്ന മണ്ണ് നിക്ഷേപിക്കാന്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
മുനിസിപ്പല്‍ ചെയര്‍മാനെതിരെ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നതിന് കേസ് എടുക്കണമെന്ന് പൊതുജന ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ കളക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു. സ്‌പോര്‍ട്‌സ് ഗ്രൗണ്ടിനുവേണ്ടി അനുവദിച്ചിരിക്കുന്ന 6.5 കോടി രൂപ അഴിമതിയിലൂടെ കൈക്കലാക്കാനാണ് ഇവിടെ ഡംബിംഗ് സ്റ്റേഷന് അനുമതി നല്‍കുന്നതെന്നാണ് ആരോപണം.
















